
ആദ്യ സൂചനകൾ പുറത്തുവന്ന സമയം മുതൽ ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന കളങ്കാവൽ. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമെല്ലാം സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്.
ചിത്രം നവംബർ 27 ന് പുറത്തിറങ്ങും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നേരത്തെ ചിത്രം ഒക്ടോബറിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു എങ്കിലും മമ്മൂട്ടിയുടെ മടങ്ങി വരവ് വൈകിയതോടെ ചിത്രം മാറ്റിവെക്കുകയായിരുന്നു. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
#Kalamkaval is planned for release on November 27, 2025, aiming to take advantage of the extended National Holiday weekend in the UAE. pic.twitter.com/4CEzO7W9Lr
— Friday Matinee (@VRFridayMatinee) October 20, 2025
സിനിമയുടെ ടീസർ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ടീസറിലെ മമ്മൂട്ടിയുടെ ചിരി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.
Content Highlights: Kalamkaval release date update