
മലയാള സിനിമ ഇൻഡസ്ട്രിയിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക. ആഗോളതലത്തിൽ 300 കോടിയിലധികം രൂപയാണ് ഇതുവരെ ചിത്രം നേടിയത്. കൂടാതെ നിരവധി റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ഈ സിനിമ മുന്നേറികൊണ്ടിരുന്നത്. സിനിമയുടെ ഒടിടി അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്നത്. ഒടിടി റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു ടീസർ സ്ട്രീമിങ് പ്ലാറ്റ്ഫോം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.
ടീസറിലെ കല്യാണി പ്രിയദർശന്റെ ശബ്ദമാറ്റമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ലോകയുടെ തിയേറ്റർ വേർഷനിൽ ഗായിക കൂടിയായ സയനോര ഫിലിപ്പ് ആയിരുന്നു കല്യാണിക്കായി ശബ്ദം നൽകിയിരുന്നത്. മികച്ച പ്രതികരണമായിരുന്നു സയനോരയുടെ ഡബ്ബിങ്ങിന് ലഭിച്ചത്. എന്നാൽ ഇപ്പോൾ ഈ ശബ്ദമാണ് ഒടിടി ടീസറിൽ മാറ്റം വന്നിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ഒറിജിനൽ ഡബ്ബിങ് നിലനിർത്തണം എന്നാവിശ്യപ്പെട്ടുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 'ദയവായി ഒറിജിനൽ ശബ്ദം തന്നെ വെക്കൂ', 'സയനോരയുടെ ഡബ്ബിങ് ഗംഭീരമായിരുന്നു അത് തന്നെ ഒടിടിയിലും വേണം' എന്നാണ് കമന്റുകൾ.
ചിത്രം അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്നാണ് വിവരം. സ്ട്രീമിങ് തീയതി ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടില്ല. മലയാളം ഇൻഡസ്ട്രി ഹിറ്റ്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഡബ്ബ് ചിത്രം, തെലുങ്കിൽ ഏറ്റവും ഉയർന്ന കളക്ഷൻ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഷെയർ, ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ റെക്കോർഡ്, ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ എത്തിയ റെക്കോർഡ്, ആദ്യ 300 കോടി നേടിയ മലയാള ചിത്രം എന്നിങ്ങനെ നിരവധി റെക്കോർഡുകളാണ് ലോക നേടിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ കണ്ട നാലാമത്തെ സിനിമയായി മാറിയിരിക്കുകയാണ് ലോക. 1.18 കോടി ജനങ്ങളാണ് ചിത്രം ഇതുവരെ തിയേറ്ററിൽ കണ്ടത്. മോഹൻലാൽ ചിത്രമായ പുലിമുരുകൻ, മഞ്ഞുമ്മൽ ബോയ്സ്, തുടരും എന്നീ സിനിമകളാണ് ഈ ലിസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ള സിനിമകൾ.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും തിളങ്ങിയിട്ടുണ്ട്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ ത്രസിപ്പിക്കുന്ന അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Content Highlights: Lokah OTT release teaser sound change for Kalyani