
ഡ്രാഗൺ, ലവ്, ടുഡേ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ നടനാണ് പ്രദീപ് രംഗനാഥൻ. ഡ്യൂഡ് എന്ന ആക്ഷൻ റൊമാന്റിക് ചിത്രമാണ് പ്രദീപിന്റേതായി ഇപ്പോൾ പുറത്തുവന്ന സിനിമ. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ പേർളി മാണിയെക്കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പേർളിയെ പോലെ ഒരു എന്റർടെയ്നറെ താൻ കണ്ടിട്ടില്ലെന്നും വളരെ നാച്ചുറൽ ആണ് അവർ എന്നുമാണ് പ്രദീപ് പറഞ്ഞത്. പേർളി മാണി ഷോയിലാണ് പ്രദീപ് ഇക്കാര്യം പറഞ്ഞത്.
'നിങ്ങളെ പോലെ ഒരു എന്റർടെയ്നറെ ഞാൻ കണ്ടിട്ടേ ഇല്ല. നിങ്ങളുടെ ബ്രെയിൻ എങ്ങനെയാണ് പ്രോസസ്സ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഓരോ സെക്കൻഡിലും വളരെ പെട്ടെന്നാണ് കൗണ്ടർ ഡയലോഗുകൾ പറയുന്നത്. അത് നാച്ചുറൽ ആയി വരുന്നതെന്നാണ് ഞാൻ കരുതുന്നത്', പ്രദീപിന്റെ വാക്കുകൾ. താങ്കളെ ഞാൻ ഇപ്പോൾ തന്നെ ദത്തെടുത്തിരിക്കുന്നു എന്ന് തമാശരൂപേണ പേർളി പറയുന്നതും വീഡിയോയിൽ കാണാം.
അതേസമയം, ഡ്യൂഡിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. 10 കോടിയാണ് സിനിമയുടെ ആദ്യ ദിന ആഗോള കളക്ഷൻ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത് പ്രദീപിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ്. നേരത്തെ പ്രദീപിന്റെ തന്നെ സിനിമയായ ഡ്രാഗൺ നേടിയ 7.6 കോടിയെ ഇതോടെ ഡ്യൂഡ് മറികടന്നു. വമ്പൻ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 431.26K ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. ഇതിൽ 195.71K ടിക്കറ്റുകൾ പ്രീ സെയിലൂടെ മാത്രം നേടിയതാണ്. 27 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ റിലീസിന് മുൻപ് തന്നെ മുടക്ക് മുതൽ തിരിച്ചുപിടിച്ചിരുന്നു. 35 കോടി രൂപയാണ് സിനിമയുടെ നേട്ടം. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് സിനിമ നേടിയത്. ഒരു കോടിയ്ക്ക് അടുത്താണ് ഡ്യൂഡിന്റെ കേരള കളക്ഷൻ.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.
Content Highlights: Pradeep Ranganathan about Pearly Maaney