27 കോടി ബജറ്റ്, റിലീസിന് മുൻപ് നേടിയത് കോടികൾ; ഇപ്പോ ദാ ബോക്സ് ഓഫീസിലും റെക്കോർഡിട്ട് 'ഡ്യൂഡ്'

കേരളത്തിലും മികച്ച ഓപ്പണിങ് ആണ് സിനിമ നേടിയത്

27 കോടി ബജറ്റ്, റിലീസിന് മുൻപ് നേടിയത് കോടികൾ; ഇപ്പോ ദാ ബോക്സ് ഓഫീസിലും റെക്കോർഡിട്ട് 'ഡ്യൂഡ്'
dot image

പ്രദീപ് രംഗനാഥനും മലയാളത്തിന്‍റെ സ്വന്തം മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് ഡ്യൂഡ്. ഒരു റൊമാന്റിക് ഫൺ എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസിൽ ആദ്യ ദിനം റെക്കോർഡ് കളക്ഷൻ ആണ് സിനിമ നേടിയതെന്നാണ് റിപ്പോർട്ട്.

10 കോടിയാണ് സിനിമയുടെ ആദ്യ ദിന ആഗോള കളക്ഷൻ എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നത്. ഇത് പ്രദീപിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് ആണ്. നേരത്തെ പ്രദീപിന്റെ തന്നെ സിനിമയായ ഡ്രാഗൺ നേടിയ 7.6 കോടിയെ ഇതോടെ ഡ്യൂഡ് മറികടന്നു. വമ്പൻ ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 431.26K ടിക്കറ്റുകളാണ് സിനിമ വിറ്റഴിച്ചത്. ഇതിൽ 195.71K ടിക്കറ്റുകൾ പ്രീ സെയിലൂടെ മാത്രം നേടിയതാണ്. 27 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമ റിലീസിന് മുൻപ് തന്നെ മുടക്ക് മുതൽ തിരിച്ചുപിടിച്ചിരുന്നു. 35 കോടി രൂപയാണ് സിനിമയുടെ നേട്ടം. കേരളത്തിലും മികച്ച ഓപ്പണിങ് ആണ് സിനിമ നേടിയത്. ഒരു കോടിയ്ക്ക് അടുത്താണ് ഡ്യൂഡിന്റെ കേരള കളക്ഷൻ.

മമിതയുടെ ഒപ്പമുള്ള ഓരോ സീനുകൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്. റൊമാൻസും ഇമോഷണൽ സീനുകളും രണ്ടുപേരും മികച്ചതാക്കിയെന്നും ശരത്കുമാർ ചെയ്ത കഥാപാത്രത്തിന് തിയേറ്ററിൽ നിറഞ്ഞ കൈയ്യടി ലഭിക്കുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നു. ആക്ഷൻ സീനുകളിലും പ്രദീപ് വക മാസ്സ് പരിപാടികൾ ഉണ്ടെന്നും ചിത്രം അവസാനിക്കുമ്പോൾ ഒരു നല്ല സോഷ്യൽ മെസ്സേജ് നൽകുന്നുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. സായിയുടെ മ്യൂസിക് ഓരോ സീനിനെയും മികച്ചതാക്കിയെന്നും ആദ്യ സിനിമ തന്നെ അദ്ദേഹം കലക്കിയെന്നും കമന്റുകൾ ഉണ്ട്. ഈ ദീപാവലി 'ഡ്യൂഡ്' തൂക്കിയെന്നാണ് പ്രേക്ഷകർ പറയുന്നത്.

കീർത്തീശ്വരൻ എഴുതി സംവിധാനം നിർവ്വഹിക്കുന്ന 'ഡ്യൂഡ്' മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ. ആർ ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍. ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്.

Content Highlights: Dude first day worldwide collection report

dot image
To advertise here,contact us
dot image