ഇടി വരുന്നുണ്ടേ നല്ല കൊലമാസ് ഇടി, ബേസിലിന്റെ വക 'അതിരടി' മാസ്, കൂട്ടിന് ടൊവിനോയും വിനീത് ശ്രീനിവാസനും

മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

ഇടി വരുന്നുണ്ടേ നല്ല കൊലമാസ് ഇടി, ബേസിലിന്റെ വക 'അതിരടി' മാസ്, കൂട്ടിന് ടൊവിനോയും വിനീത് ശ്രീനിവാസനും
dot image

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ വീഡിയോ പുറത്ത്. 'അതിരടി' എന്നാണ് സിനിമയുടെ പേര്. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും ഇതെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകുന്നത്. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തുവിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. ബേസിലിന്റെ നിർമാണ കമ്പനിയായ 'ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ' ആദ്യ സിനിമ കൂടിയാണിത്. കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. സമീർ താഹിറും ടൊവിനോ തോമസുമാണ് സിനിമയുടെ സഹനിർമാതാക്കൾ. ചമൻ ചാക്കോ ആണ് സിനിമയുടെ എഡിറ്റർ. ഇനി വരാൻ പോകുന്നത് വെറും അടിയല്ല, അതിരടി ആണെന്ന ഡയലോഗും ഒരു കിടിലൻ തിയേറ്റർ അനുഭവം സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് "അതിരടി" ടീമെന്ന പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. കാഴ്ചയിലും സ്വഭാവത്തിലും വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെയാണ് മൂവരും അവതരിപ്പിക്കുന്നതെന്നും ടീസറിൽ വ്യക്തമാക്കുന്നുണ്ട്. ബ്രഹ്മാണ്ഡ തെന്നിന്ത്യൻ ചിത്രങ്ങളുടെ ടൈറ്റിൽ അനൗൺസ്മെന്റ് ടീസറിനെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് അതിരടി ടീസർ. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്.

പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. വിഷ്ണു വിജയ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. അതേസമയം, പടക്കളം എന്ന ചിത്രമൊരുക്കിയ മനു സ്വരാജ് ആണ് അതിരടിയുടെ പ്രൊമോ വീഡിയോ ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ. നേരത്തെ നിർമാണ കമ്പനി പ്രഖ്യാപിച്ചുകൊണ്ടുള്ള ബേസിലിന്റെ പോസ്റ്റിന് താഴെ വന്ന ടൊവിനോയുടെ കമന്റ് വൈറലായിരുന്നു.

അഭിനന്ദനങ്ങൾ, അപ്പോ എങ്ങനെയാ? ആദ്യത്തെ പ്രൊഡക്ഷൻ ഞാൻ അല്ലെ നായകൻ?', എന്നാണ് ടൊവിനോയുടെ കമന്റ്. ഉടൻ മറുപടിയുമായി ബേസിലുമെത്തി. 'ആദ്യത്തെ പടത്തിൽ ഞാൻ തന്നെ നായകൻ. നിന്നെ വേണേൽ വില്ലൻ ആക്കാം' എന്നാണ് ബേസിലിന്റെ മറുപടി. ടൊവിനോയും ഉടനെ ബേസിലിന് മറുപടി നൽകിയിട്ടുണ്ട്. 'ഇടി പടം ആണോ? നിന്നെ നല്ല ഇടി ഇടിക്കാൻ അവസരം ഉണ്ടെങ്കിൽ വില്ലൻ ആവാനും മടിക്കില്ല ഞാൻ' എന്നാണ് ടൊവിനോ പറയുന്നത്. എന്തായാലും ഇവരുടെ ഈ കമന്റുകൾ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

Content Highlights: Athiradi title teaser out now

dot image
To advertise here,contact us
dot image