അവസാന 15 മിനിറ്റ് ചിരിച്ച് മറിയുമെന്ന് പ്രേക്ഷകർ; തിയേറ്ററുകളിൽ പൊട്ടിച്ചിരിയുമായി ദി പെറ്റ് ഡിറ്റക്ടീവ്

ഒരു കോമഡി സ്ട്രെസ്സ് ബസ്റ്റർ കാണാൻ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാമെന്ന് പ്രേക്ഷകർ

അവസാന 15 മിനിറ്റ് ചിരിച്ച് മറിയുമെന്ന് പ്രേക്ഷകർ; തിയേറ്ററുകളിൽ പൊട്ടിച്ചിരിയുമായി ദി പെറ്റ് ഡിറ്റക്ടീവ്
dot image

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഷറഫുദ്ദീൻ നായകനായി എത്തിയ ദി പെറ്റ് ഡിറ്റക്ടീവ്. ഒരു കോമിക് ബുക്ക് വായിക്കുന്ന പോലെ തുടക്കം മുതൽ അവസാന വരെ ഫൺ മൂഡിൽ പോകുന്ന ചിത്രം തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ മേളം തീർക്കുകയാണെന്നാണ് ആദ്യ പ്രതികരണം. കൂടുതൽ ലോജിക് ആലോചിക്കാതെ രണ്ട് മണിക്കൂർ ഒരു കോമഡി സ്ട്രെസ്സ് ബസ്റ്റർ കാണാൻ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാമെന്നും നല്ല എന്റെർറ്റൈനെർ ആണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ഷറഫുദ്ദീൻ എപ്പോഴത്തെയും പോലെ കലക്കിയെന്നും വിജയരാഘവൻ, അനുപമ പരമേശ്വരൻ അവരുടെ റോളുകൾ ഗംഭീരമായി ചെയ്‌തുവെന്നും അഭിപ്രായങ്ങൾ ഉണ്ട്. ടെക്നിക്കലി വളരെ മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയതിനാൽ ആസ്വാദനം ഏറെ രസകരവും മനോഹരവുമായിട്ടുണ്ട്. ട്രെയ്‌ലർ പോലെ തന്നെ സിനിമയും വളരെ വേഗത്തിലാണ് പോകുന്നത്. അതിനാൽ ലാഗ് ഇല്ലാതെ ഒരു പോപ്‌കോൺ എന്റെർറ്റൈനെർ അനുഭവം തന്നെയാണ് ദി പെറ്റ് ഡിറ്റക്ടീവ് എന്നും പ്രേക്ഷകർ പറയുന്നു.

പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. കുട്ടികളും കുടുംബങ്ങളും യുവ പ്രേക്ഷകരും ഉൾപ്പെടെയുള്ള എല്ലാത്തരം പ്രേക്ഷകർക്കും ഏറെ ആസ്വദിച്ചും ആഘോഷിച്ചും കാണാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. അതീവ രസകരമായ ഇൻവെസ്റ്റിഗേഷൻ രംഗങ്ങൾ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.

പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് അലുല എന്ന കഥാപാത്രമായി ഷറഫുദ്ദീൻ വേഷമിട്ട ചിത്രം രചിച്ചത് സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ്. "പ്രേമം" എന്ന ബ്ലോക്ക്ബസ്റ്റർ റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം ഷറഫുദീൻ- അനുപമ പരമേശ്വരൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.

Content Highlights: Sharafudheen starrer pet detective getting good responses from theatres

dot image
To advertise here,contact us
dot image