

പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനത്തിൽ തെലുങ്കിൽ വൻ വിജയം നേടിയ പാൻ ഇന്ത്യൻ ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ നായികയായത് ദീപിക പദുകോൺ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയത് വലിയ വാർത്തയായിരുന്നു. കൂടുതൽ പ്രതിഫലവും ജോലി സമയം എട്ടു മണിക്കൂറാക്കി ചുരുക്കണമെന്നും നടി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് ദീപിക പദുകോൺ.
ഇന്ത്യയിലെ പല സൂപ്പർതാരങ്ങളും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നതെന്നും എന്നാൽ അതൊരിക്കലും ഒരു വാർത്തയായി മാറുന്നില്ലെന്നും ദീപിക പറഞ്ഞു. 'ഇന്ത്യയിലെ പല മെയിൽ സൂപ്പർസ്റ്റാറുകളും ദിവസവും എട്ടു മണിക്കൂർ മാത്രമാണ് ജോലി ചെയ്യുന്നത് പക്ഷെ അതൊന്നും ഒരിക്കലും വാർത്തയായിട്ടില്ല. ആരുടേയും പേരെടുത്ത് പറഞ്ഞ് ഇതൊരു വിഷയമാക്കാൻ എനിക്ക് ആഗ്രഹമില്ല. തിങ്കൾ മുതൽ വെള്ളി വരെ മാത്രം ജോലി ചെയ്യുന്ന താരങ്ങൾ വരെ ഇവിടെയുണ്ട്. എന്റെ പോരാട്ടങ്ങൾ എന്നും നിശബ്ദമായിട്ടാണ്. എന്നാൽ ഞാൻ പോലും വിചാരിക്കാത്ത തരത്തിൽ അവ ചിലപ്പോൾ പബ്ലിക് ആയി മാറിയിട്ടുണ്ടാകാം. പക്ഷെ വളരെ മാന്യമായി പോരാടുക എന്നതാണ് എന്റെ രീതി. ഇന്ത്യൻ സിനിമാ വ്യവസായം വളരെ അസംഘടിതമാണ് അതിനെ ഒരുമിപ്പിക്കാനായി ഒരു സംവിധാനം കൊണ്ടുവരേണ്ടത് ആവശ്യമാണ്', ദീപികയുടെ വാക്കുകൾ.
കൽകിയിൽ നിന്ന് ദീപികയെ പുറത്താക്കിയത് വലിയ വാർത്തകൾക്കാണ് വഴിവെച്ചത്. നടിയുമായി ചർച്ചകൾ നടന്നെങ്കിലും നിർമാതാക്കൾക്ക് ഒത്തുപോകാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തന്റെ ഒപ്പമുള്ള 25 ഓളം ടീമംഗങ്ങൾക്ക് ഫൈവ് സ്റ്റാർ താമസവും ഭക്ഷണവും ദീപിക ആവശ്യപ്പെട്ടിരുന്നു. ഒപ്പമുള്ള ടീമിന്റെ എണ്ണം കുറയ്ക്കണമെന്ന് നിർമാതാക്കൾ നടിയോട് അഭ്യർത്ഥിച്ചെങ്കിലും ദീപിക വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല എന്നാണ് സൂചന. ഒപ്പം സിനിമയുടെ ലാഭത്തിൽ നിന്ന് ഒരു നിശ്ചിത ശതമാനം നടി ആവശ്യപ്പെട്ടെന്നും പലരും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നടൻ പ്രഭാസ് പോലും ഇത്രയധികം ഡിമാൻഡ് വെക്കാറില്ലെന്നും എങ്ങനെയാണ് ഇത്തരം ഡിമാൻഡുകൾ നിർമാതാക്കൾക്ക് താങ്ങാനാകുക എന്നാണ് പലരും ഇതിന്സോ പിന്നാലെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
നേരത്തെ, ഷൂട്ടിംഗ് സെറ്റുകളിൽ സമയക്രമം വേണമെന്ന നടിയുടെ ആവശ്യം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ദിവസം ആറുമണിക്കൂർ ജോലിസമയം, ചിത്രത്തിന്റെ ലാഭവിഹിതം, ഉയർന്ന പ്രതിഫലം തുടങ്ങിയ ഡിമാൻഡുകളാണ് ദീപിക മുന്നോട്ട് വെച്ചിരുന്നത്. ഇതേ ചൊല്ലി ദീപികയും സംവിധായകൻ സന്ദീപ് റെഡ്‌ഡി വാങ്കയും നടത്തിയ തർക്കങ്ങൾ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയാത്തതിനാൽ സന്ദീപ് റെഡ്‌ഡിയുടെ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയിരുന്നു. പ്രഭാസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'സ്‌പിരിറ്റി'ൽ നിന്നാണ് ദിപീകയെ ഒഴിവാക്കിയത്. കൽക്കിയിൽ നിന്ന് കൂടി ദീപികയെ ഒഴിവാക്കിയതോടെ നടിയുടെ ഡിമാന്റുകൾക്ക് നേരെ വിമർശങ്ങൾ ഉയരുന്നുണ്ട്. അതേസമയം, കൽക്കിയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ദീപിക ഇല്ലാതെ രണ്ടാം ഭാഗം എങ്ങനെ ആയിരിക്കുമെന്ന ആശങ്കയും ആരാധകർ പങ്കുവെക്കുന്നുണ്ട്.
Content Highlights: deepika padukone about her exit from kalki and spirit