
ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. നവാഗതനായ കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ഇപ്പോഴിതാ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് പ്രദീപ്. താൻ ആദ്യം ഒഴിവാക്കിയ സ്ക്രിപ്റ്റ് ആണ് ഡ്യൂഡ് എന്നും സിനിമയിലെ ട്വിസ്റ്റ് കേട്ട് അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് ഭയപ്പെട്ടെന്നും നടൻ പ്രതികരിച്ചു.
'ഞാൻ രണ്ട് തവണയോളം റിജെക്ട് ചെയ്ത സ്ക്രിപ്റ്റ് ആയിരുന്നു ഡ്യൂഡിൻ്റേത്. കഥയിലെ പ്രധാന ട്വിസ്റ്റ് എനിക്ക് വലിയൊരു ഷോക്ക് ആയിരുന്നു. അതിനെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്ക് ഭയമുണ്ടായിരുന്നു. പ്രേക്ഷകർ അതിനെ നല്ല രീതിയിൽ എടുക്കുമോ അതോ തമാശയാക്കി മാറ്റുമോ എന്നെനിക്ക് സംശയം ഉണ്ടായിരുന്നു. പക്ഷേ, ലവ് ടുഡേ പുറത്തിറങ്ങിയതിനുശേഷം തിരക്കഥയിൽ മാറ്റം വരുത്തിയെന്ന് പറഞ്ഞ് നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് എന്റെ പക്കലേക്ക് വന്നു. സിനിമ കണ്ടതിനു ശേഷം, പുതിയ സമീപനം മികച്ചതാണെന്ന് എനിക്ക് മനസ്സിലായി! എന്നെ ആശങ്കപ്പെടുത്തിയ ഭാഗം ഇപ്പോൾ സിനിമയിലെ ഏറ്റവും ഇമ്പാക്ട് ഉള്ള ഭാഗങ്ങളിൽ ഒന്നാണ്', പ്രദീപിന്റെ വാക്കുകൾ.
സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്ര്, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ.
" REJECTED DUDE Script 2 Times " - Pradeep
— Let's X OTT GLOBAL (@LetsXOtt) October 6, 2025
" I actually Rejected the #Dude script a couple of times. The main twist in the story was such a huge shock to me that I wasn’t sure how the audience would react.
Would they take it well, or would they turn it into a comedy? But… pic.twitter.com/W7eW8tV0j2
'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. ഹൃദു ഹാറൂൺ, രോഹിണി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Content Highlights: Pradeep ranganadhan about Dude movie