
ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരർഹനായ മോഹൻലാലിനെ ആദരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ച 'വാനോളം മലയാളം ലാൽ സലാം' എന്ന പരിപാടിയെ വലിയ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങി പങ്കെടുത്തിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ നിന്നുള്ള അടൂർ ഗോപലകൃഷ്ണന്റെ വാക്കുകളും അതിന് മോഹൻലാൽ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
'രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവും ഉണ്ട്', എന്നായിരുന്നു അടൂരിന്റെ വാക്കുകൾ. മുൻപും മോഹൻലാലിന് എതിരെ സംസാരിച്ചിട്ടുള്ള അടൂർ ഇത്തവണയും അതാവർത്തിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചത്. അടൂരിന്റെ പ്രസംഗത്തിന് പിന്നാലെ നടൻ മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
'എന്നെ പറ്റി ആദ്യമായി നല്ലത് പറഞ്ഞ.., അല്ല മുൻപ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂർ സാറിനും നന്ദി', എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. മോഹൻലാലിന്റെ വാക്കുകൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ കയ്യടികളാണ് ഉയരുന്നത്. അടൂരിന് കൃത്യമായ മറുപടി മോഹൻലാൽ നൽകിയെന്നും സംവിധായകൻ അത് അർഹിക്കുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നിരവധി ട്രോളുകളാണ് ഈ വിഷയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
#Mohanlal takes a playful dig at Adoor Gopalakrishnan for Adoor's rude comments in the past.
— He who has No Name (@The_I_T_Boy) October 4, 2025
:- "Thanks to Adoor Sir for finally saying something nice about me... or wait, maybe not, we haven't shared many stages before!
Thanks to Adoor sir for speaking about me " 🤣😄
🔥🙌 pic.twitter.com/Ku4of8yC5R
അതേസമയം, നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ മോഹൻലാലിനെ വരവേറ്റത്. തുടർന്ന് പരിപാടിക്ക് നന്ദി അറിയിച്ച് മോഹൻലാൽ പോസ്റ്റുമായി എത്തി. 'ഇത്തരം നിമിഷങ്ങൾ എന്റെ ഉള്ളിൽ വലിയ കൃതഞ്ജതയാണ് നിറക്കുന്നത്. ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ലഭിച്ചതിന് ആശംസകളുമായി നടന്ന പരിപാടിയിൽ കേരള സർക്കാർ നൽകിയ ഊഷ്മളമായ ആദരത്തിന് നന്ദി. മുഖ്യമന്ത്രിയോടും മന്ത്രിമാരോടും പരിപാടിയിലേക്ക് എത്തിച്ചേർന്ന എല്ലാ വിശിഷ്ട വ്യക്തിത്വങ്ങളോടും ഞാൻ നന്ദി പറയുന്നു. അതിനെല്ലാം ഉപരി ഈ മനോഹര നിമിഷത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനായി ഇവിടെ എത്തിച്ചേർന്ന ഓരോരുത്തരോടും പറയട്ടെ, നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും പിന്തുണയും അതാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരം,' മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സെപ്തംബർ 23നാണ് മോഹൻലാൽ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തെ അടൂർ ഗോപാലകൃഷണൻ മാത്രമാണ് കേരളത്തിൽ നിന്നും ഈ പുരസ്‌കാരത്തിന് അർഹനായിട്ടുള്ളത്.
Content Highlights: Mohanlal's reply to adoor gopalakrishnan goes viral