
നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രത്തിനൊപ്പം മകൾ ഹോപ്പും മമ്മൂട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങളും ബേസിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ മകളും മമ്മൂട്ടിയും തമ്മിലുള്ള രസകരമായ സംഭാഷണങ്ങളെക്കുറിച്ചും പോസ്റ്റിൽ ബേസിൽ ജോസഫ് കുറിച്ചു.
'ഒരു ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂർവ ഭാഗ്യം എനിക്ക് ലഭിച്ചു. എന്റെ മകൾ അദ്ദേഹത്തിനെ നോക്കി നിഷ്കളങ്കമായി, 'നിങ്ങളുടെ പേരെന്താണ്?' എന്ന് ചോദിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട്, 'മമ്മൂട്ടി' എന്ന് അദ്ദേഹം പറഞ്ഞു. ആ എളിയ മറുപടി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഓർമയായി ഞങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞു. സ്വന്തം ക്യാമറയിൽ അദ്ദേഹം ചിത്രങ്ങൾ എടുത്തു. ഹോപ്പിയും മമ്മൂക്കയും ഒരുപാട് സെൽഫികൾ എടുക്കുകയും ചെയ്തു. കുറച്ച് നേരത്തേക്ക് അദ്ദേഹം ഈ ലോകത്തിന് ആരാണെന്നുള്ള കാര്യം പോലും മറന്നു. അദ്ദേഹം ഞങ്ങളെ ഒരു അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നതുപോലെ തോന്നിപ്പിച്ചു. മമ്മൂക്ക, ഞങ്ങൾ എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം നൽകിയതിന് ഞങ്ങളുടെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി', ബേസിലിന്റെ വാക്കുകൾ.
ഒരിടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്തത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന സിനിമയുടെ ഹൈപ്പും പ്രതീക്ഷകളും വാനോളമാണ്. സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു മമ്മൂട്ടി അസുഖ ബാധിതനാകുന്നതും ബ്രേക്ക് എടുക്കുന്നതും. പതിനൊന്ന് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും ഒരു ഫ്രെയിമിൽ കാണാൻ കൊതിച്ചിരിക്കുകയാണ് മലയാളികൾ. മഹേഷ് നാരായണൻ സിനിമ പാട്രിയറ്റ് വിഷുവിന് തിയേറ്ററുകളിലേക്ക് എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. ഹൈദരാബാദ് ഷെഡ്യൂളിന് ശേഷം യുകെയിലും ഷൂട്ടിങ് ഉണ്ടാകുമെന്നും അറിയിച്ചു.
ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീര്‍വാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിര്‍മിക്കുന്നത്. കേരളം, ഡല്‍ഹി,ശ്രീലങ്ക, ലണ്ടന്‍ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയില്‍ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും, ഒരു ഷെഡ്യൂള്‍ യു.എ യിലും, ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു. ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്‍റെതാണ്.
Content Highlights: basil Joseph share pics with mammootty