'ഒക്കെ വെറും തമാശ, അലക്ഷ്യമായി ഈ വിഷയം കൈകാര്യം ചെയ്തു'; ഹൃദയപൂർവ്വം സിനിമയെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ

ഒരു കാര്യവും നന്നായി പഠിക്കാതെയാണ് മലയാള സിനിമ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഡോക്ടർ പറഞ്ഞു.

'ഒക്കെ വെറും തമാശ, അലക്ഷ്യമായി ഈ വിഷയം കൈകാര്യം ചെയ്തു'; ഹൃദയപൂർവ്വം സിനിമയെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ
dot image

സത്യൻ അന്തിക്കാട്-മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തെ വിമർശിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ. ഒരു സീനിയർ സംവിധായകൻ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്തതെന്നും ഒരു കാര്യവും നന്നായി പഠിക്കാതെയാണ് മലയാള സിനിമ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഡോക്ടർ പറഞ്ഞു. തന്റെ ഫേസ്ബുക്കിൽ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചാണ് ഡോ. ഹാരിസ് വിമർശിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഹൃദയപൂർവം എന്ന സിനിമ കണ്ടു. ഒരു കാര്യവും നന്നായി പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെയാണ് മിക്ക മലയാളം സിനിമകളും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്. ജോസഫ് എന്ന സിനിമ മസ്തിഷ്ക്ക മരണ അവയവ ദാനത്തിന് ഏൽപ്പിച്ച പ്രഹരം മാരകമായിരുന്നു. തലയിൽ ചുറ്റിക കൊണ്ട് അടിച്ച്, ബ്രെയിൻ ഡെത്ത് അവസ്ഥയിൽ എത്തിക്കുമത്രെ. വിദൂര സാധ്യതപോലും ഇല്ലാത്ത ആരോപണം. ഹൃദയപൂർവത്തിൽ ഇത്ര സീനിയറായ ഒരു സംവിധായകൻ എത്ര അലക്ഷ്യമായിട്ടാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകൾ ഒന്നും ചിത്രം കാണിക്കുന്നില്ല. ഒക്കെ വെറും തമാശ. അവയവം ദാനം ചെയ്ത വ്യക്തിയോടും കുടുംബത്തോടും ഒരൊറ്റ വികാരമാണ് ദാനം സ്വീകരിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും പൊതുസമൂഹത്തിനും ഉണ്ടാകാൻ പാടുള്ളു. ബഹുമാനം. RESPECT. ആകസ്മികമായി ഒരു വ്യക്തി അപകടത്തിലോ മറ്റ് കാരണങ്ങൾ കൊണ്ടോ, ബ്രെയിൻ ഡെത്ത് സ്റ്റേജിൽ പോകുന്നതും ആ വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ഉറ്റ ബന്ധുക്കൾ തീരുമാനിക്കുന്നതും തുടർന്ന് നടക്കുന്ന ബൃഹത്തായ ടീം വർക്കും. ഇവിടെ കോമഡിക്ക് സ്ഥാനമില്ല. ഇനി, അവയവം സ്വീകരിച്ച വ്യക്തി. ഒരുപാട് നിയന്ത്രണങ്ങൾ അവർക്ക് ആവശ്യമുണ്ട്. അവയവത്തെ തിരസ്കരിക്കാൻ ശരീരം നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കും. എത്ര കാലം കഴിഞ്ഞാലും. ആ പ്രതിരോധത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനാണ് മരുന്നുകൾ തുടർച്ചയായി കഴിക്കേണ്ടിവരുന്നത്. ശരീരത്തിന്റെ മൊത്തം പ്രതിരോധ ശക്തി( immunity) കുറയ്ക്കുന്ന അവസ്ഥയിൽ രോഗികൾ കുറേ കാര്യങ്ങൾ ശ്രദ്ധിക്കണം. ഇൻഫെക്ഷനുകളാണ് പ്രധാന വില്ലൻ. പല തരത്തിലുള്ള രോഗാണുബാധകൾ ഉണ്ടാകാം. സീരിയസ് ആകാം. അവയവം തിരസ്കരിക്കപ്പെടാം. മരണം പോലും സംഭവിക്കാം. ഒരു കോംപ്ലിക്കേഷൻ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന സാമ്പത്തിക ചിലവ് വളരെ ഉയർന്നതാകാം. മാസ്ക് ഉപയോഗിക്കുക, ധാരാളം ജനക്കൂട്ടം ഉള്ള സ്ഥലങ്ങൾ ഒഴിവാക്കുക, മൃഗങ്ങളുമായി( pet animals ) അടുത്ത് ഇടപഴകാതിരിക്കുക. മൃഗങ്ങളിൽ നിന്ന് ടോക്സോപ്ലാസ്മ, പലതരം ഫങ്കസുകൾ, പരാദജീവികൾ ഇത്തരം അസുഖങ്ങൾ വളരെ മാരകമാകാം. സ്റ്റിറോയ്ഡ് ഉൾപ്പെടെ മരുന്നുകൾ കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം കുറയാം. അതിനാൽ അപകടങ്ങൾ, അടിപിടി… ഇതൊക്കെ കഴിയുന്നതും ഒഴിവാക്കുക. ദാതാവും സ്വീകർത്താവും പൊതുവെ തമ്മിൽ അറിയരുത് എന്നൊരു ചിന്ത ഉണ്ടായിരുന്നു. പിന്നീടുണ്ടാകാവുന്ന കുറേ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു സമ്പ്രദായം ആയിരുന്നു. ഇപ്പോൾ മീഡിയയുടെ ശക്തമായ ഇടപെടൽ മൂലം ആ രഹസ്യ സ്വഭാവം പാലിക്കപ്പെടുന്നില്ല. ഹൃദയത്തിൽ കൂടി സ്വഭാവങ്ങൾ, ശീലങ്ങൾ, വികാരങ്ങൾ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകൾ മാത്രം. വെറും പേശികളും അതിനെ നിയന്ത്രിക്കുന്ന നാഡികളും മാത്രമുള്ള ഒരു പമ്പ് മാത്രമാണ് ഹൃദയം. അല്ലാതെ അതിൽ കൂടി "വികാരം " ഒന്നും മാറ്റിവെയ്ക്കപ്പെടുന്നില്ല. സയൻസിനെ പോലും വളച്ചും ഒടിച്ചും വക്രീകരിച്ചും കാണിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ജനങ്ങളുടെ ശാസ്ത്രാവബോധവും സിനിമയുടെ ക്രെഡിബിലിറ്റിയുമാണ്.

മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും, അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരുടെയും ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ലെന്നുമായിരുന്നു ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞത്. ഗുരുതര പ്രശ്‌നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറയ്ക്കല്‍ കുറ്റപ്പെടുത്തിയിരുന്നു. പലരോടും അപേക്ഷിച്ചിട്ടും യാതൊരു പരിഹാരവും ഇല്ലെന്നും ഹാരിസ് പറഞ്ഞിരുന്നു.

അതേസമയം, ഈ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ 'ഹൃദയപൂർവ്വം' അഞ്ചാം സ്ഥാനത്താണ്. ചിത്രം ആഗോളതലത്തിൽ 70 കോടി രൂപയോളം നേടി വൻവിജയം സ്വന്തമാക്കി. 'തുടരും', ' എമ്പുരാൻ', 'ഹൃദയപൂർവ്വം' എന്നിവയിലൂടെ മോഹൻലാൽ ഈ വർഷം ഹാട്രിക് വിജയം നേടുമെന്ന സിനിമാലോകത്തിൻ്റെ പ്രതീക്ഷ ഇതോടെ നിറവേറിയിരിക്കുകയാണ്. മലയാള സിനിമയിലെ ഈ റെക്കോർഡ് ഇതിഹാസം വീണ്ടും തിരുത്തി എഴുതുമെന്നുറപ്പാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങള്‍. സംഗീതിൻ്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്.

സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിൻ്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം.

Content Highlights: Dr Harris criticizing hridayapoorvam movie

dot image
To advertise here,contact us
dot image