മുഴുവനും റീമേക്കുകൾ, ഹിറ്റടിക്കുമോ ഇത്തവണ?; മോഹൻലാൽ ചിത്രമായ 'വൃഷഭ'യുടെ സംവിധായകന്റെ മുൻ സിനിമകൾ ഏതൊക്കെ?

നന്ദകിഷോറിന്റെ കരിയറിലെ ആദ്യ ബിഗ് ബജറ്റ് സിനിമയാണ് 'വൃഷഭ'

മുഴുവനും റീമേക്കുകൾ, ഹിറ്റടിക്കുമോ ഇത്തവണ?; മോഹൻലാൽ ചിത്രമായ 'വൃഷഭ'യുടെ സംവിധായകന്റെ മുൻ സിനിമകൾ ഏതൊക്കെ?
dot image

മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രം 'വൃഷഭ'യുടെ ടീസർ പുറത്തിറങ്ങി. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച ഒരു സമ്മാനം പോലെയാണ് ആരാധകർ ടീസർ കണ്ടത്. മികച്ച ആക്ഷൻ രംഗങ്ങളും മ്യൂസിക്കും വിഷ്വലും കൊണ്ട് ഒരു കിടിലൻ ടീസറാണ് വൃഷഭ ടീം പുറത്തുവിട്ടിരിക്കുന്നത്. ആരാധകരും സിനിമ പ്രേമികളും ഏറെ കാത്തിരുന്ന ചിത്രമായിരുന്നു വൃഷഭ. നന്ദകിഷോർ ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്‌. ഇപ്പോഴിതാ വൃഷഭ ടീസറിന് പിന്നാലെ നന്ദകിഷോറിന്റെ മുൻ സിനിമകളും ചർച്ചയാകുകയാണ്.

പ്രമുഖ കന്നഡ താരം സുധീറിന്റെ മകനാണ് നന്ദകിഷോർ. 2013 ൽ പുറത്തിറങ്ങിയ 'വിക്ടറി' എന്ന സിനിമയിലൂടെയാണ് നന്ദകിഷോർ സിനിമയിലേക്ക് എത്തുന്നത്. ശരണും അസ്മിത സൂദും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയിരുന്നു. 2014 ൽ പുറത്തിറങ്ങിയ 'അദ്യക്ഷ' ആണ് നന്ദകിഷോറിന്റെ രണ്ടാമത്തെ സിനിമ. ശരൺ നായകനായി എത്തിയ സിനിമ തമിഴിലെ ഹിറ്റ് ചിത്രമായ 'വരുത്തപെടാത്ത വാലിബർ സംഘ'ത്തിന്റെ റീമേക്ക് ആയിരുന്നു. കന്നഡ സൂപ്പർതാരം കിച്ച സുദീപിനെ നായകനാക്കിയ 'റാന്ന' ആയിരുന്നു കിഷോറിന്റെ അടുത്ത സിനിമ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടി. പവൻ കല്യാൺ ചിത്രമായ 'അട്ടാരിന്റികി ദാരേദി'യുടെ റീമേക്ക് ആയിരുന്നു ഇത്.

തുടർന്ന് ടൈഗർ, ബൃഹസ്പതി, പൊഗരു, റാണാ എന്നീ സിനിമകൾ നന്ദകിഷോർ ഒരുക്കി. ഇതിൽ പലതും റീമേക്കുകൾ തന്നെ ആയിരുന്നു. ധ്രുവ് സർജ നായകനായി എത്തിയ 'പൊഗരു' എന്ന ചിത്രത്തിലെ ധ്രുവും രശ്‌മിക മന്ദനയും ഒന്നിച്ചുള്ള ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നന്ദകിഷോറിന്റെ കരിയറിലെ ആദ്യ ബിഗ് ബജറ്റ് സിനിമയാണ് വൃഷഭ. ചിത്രം മലയാളം-തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റിയെത്തും. ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 16ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നായി 'വൃഷഭ' മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഒരു ഇതിഹാസ കഥാപാത്രമായി മോഹൻലാൽ സ്ക്രീനിലെത്തുമ്പോൾ അതുണ്ടാക്കുന്ന ആവേശം ചെറുതല്ല. അതുകൊണ്ടുതന്നെ, മലയാള സിനിമലോകം മാത്രമല്ല, ഇന്ത്യൻ സിനിമലോകം മുഴുവൻ ഈ ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ശോഭ കപൂർ, എക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൗരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമോഷന്‍സിനും വിഎഫ്എക്സിനും ഒരുപോലെ പ്രാധാന്യം ഉണ്ടാകും.

Content Highlights: Vrusshabha director previous films list

dot image
To advertise here,contact us
dot image