
രാജ്യത്തെമ്പാടും കേന്ദ്രസർക്കാർ നടപ്പാക്കിയ ജിഎസ്ടി പരിഷ്കരണം കാറുകളുടെ വിലയിൽ വലിയ മാറ്റമാണ് ഉണ്ടാക്കിയിട്ടുള്ളത്. നിരവധി വാഹന നിർമാതാക്കൾ കാറുകളുടെ വില കുറച്ച് ആ നേട്ടം ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. അതിൽ പ്രീമിയം കാർ നിർമാണ കമ്പനികൾ മുതൽ സാധാരണ കാറുകൾ നിർമിക്കുന്ന കമ്പനികൾ വരെയുണ്ട്. ഇപ്പോളിതാ മാരുതിയും കാറുകളുടെ വില കുറച്ചിരിക്കുകയാണ്.
മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വണ്ടിയായ എസ്പ്രെസ്സോ, ആൾട്ടോ k10 തുടങ്ങിവയ്ക്ക് വലിയ തോതിലാണ് വില കുറഞ്ഞിരിക്കുന്നത്. എസ് പ്രെസ്സോയ്ക്ക് 1.29 ലക്ഷംരൂപ കുറഞ്ഞ് 3.49 ലക്ഷം രൂപയായിരിക്കുകയാണ്. ആൾട്ടോയ്ക്ക് 1.07 ലക്ഷം രൂപയാണ് കുറഞ്ഞത്. 3.69 ലക്ഷം രൂപ മുതൽക്കാണ് ആൾട്ടോ k10 തുടങ്ങുക.
ബലെനോ, സ്വിഫ്റ്റ്, ഡിസൈർ തുടങ്ങിയവയ്ക്കും വില കുറഞ്ഞിട്ടുണ്ട്. 87,700 രൂപയാണ് കുറച്ചിട്ടുള്ളത്. എസ്‌യുവികളായ ബ്രെസ്സ, ഫ്രോൻസ് എന്നിവയ്ക്ക് 1.12 ലക്ഷം രൂപയും ഗ്രാൻഡ് വിതാരയ്ക്ക് 1.07 ലക്ഷം രൂപയുമാണ് കുറഞ്ഞിട്ടുളളത്. ജിംനിയ്ക്ക് 51,900 രൂപയാണ് കുറഞ്ഞത്.
കാറുകളുടെ പാർട്സുകൾക്കും വില കുറയ്ക്കുമെന്ന് മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. ജിഎസ്ടി പരിഷ്കരണം മൂലമുണ്ടാകുന്ന നേട്ടം പൂർണമായും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മാരുതിയുടെ പോളിസി. ആർബിഐയുടെ റിപ്പോ നിരക്ക് പരിഷ്കരണം, നികുതി റിബേറ്റുകൾ എന്നിവയും വിലക്കുറവിന്റെ സ്വാധീനിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. എന്നാൽ ഈ വിലക്കുറവ് കുറച്ച് കാലത്തേയ്ക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും സാമ്പത്തിക വർഷ പാദ പരിശോധനകൾ കഴിഞ്ഞാൽ മാറ്റം വന്നേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്.
നേരത്തെ ടൊയോട്ട കാറുകളുടെ വില കുറച്ചിരുന്നു. ടൊയോട്ട ഗ്ലാന്‍സയ്ക്ക് 85,000 രൂപ വരെയാണ് കമ്പനി വില കുറച്ചിരിക്കുന്നത്. 7,88,500 രൂപ മുതല്‍ വില ആരംഭിക്കുന്ന ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ടൈസറിന് 1,11,100 രൂപയാണ് കമ്പനി വില കുറച്ചിരിക്കുന്നത്. അതേസമയം, 10,81,500- 14,10,500 റേഞ്ചിലുള്ള ടൊയോട്ട റുമിയോണിനാണ് 45,700 രൂപയുടെ കുറവ് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ആയ ഹൈറൈഡറിന്റെ വിലയില്‍ 65,400 രൂപയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നോവ ക്രിസ്റ്റയ്ക്ക് 1.80 ലക്ഷത്തിന്റെ കുറവും ഇന്നോവ ഹൈക്രോസിന് 1,15,800 രൂപയുമാണ് കുറഞ്ഞത്. 36,05,000-52,34,000 റേഞ്ചില്‍ വിലയുള്ള ഫോര്‍ച്യൂണറിന് 3,49,000 രൂപ കുറച്ചിട്ടുണ്ട്. ലെജന്‍ഡറിന് 3.34 ലക്ഷം രൂപയാണ് കുറഞ്ഞിട്ടുള്ളത്.
Content Highlights: maruti reducers car prices after new gst rate cuts