വെല്ലാലഗെ പന്തെറിഞ്ഞുകൊണ്ടിരുന്നു, അച്ഛന്‍ മരിച്ചതറിയാതെ...

ഏഷ്യാ കപ്പില്‍ അഫ്ഗാന്‍-ശ്രീലങ്ക മത്സരത്തിനിടെയാണ് ദുനിത് വെല്ലാലഗെയുടെ പിതാവ് മരിക്കുന്നത്

വെല്ലാലഗെ പന്തെറിഞ്ഞുകൊണ്ടിരുന്നു, അച്ഛന്‍ മരിച്ചതറിയാതെ...
dot image

വളരെ ഹൃദയഭേദകമായ നിമിഷങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാന്‍- ശ്രീലങ്ക മത്സരം സാക്ഷ്യം വഹിച്ചത്. അഫ്ഗാനെതിരായ നിര്‍ണായക മത്സരത്തില്‍ ലങ്കന്‍ ബോളര്‍ ദുനിത് വെല്ലാലഗെ പന്തെറിഞ്ഞത് സ്വന്തം പിതാവ് മരിച്ച വിവരം അറിയാതെയാണ്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനെതിരെ നാലോവര്‍ എറിഞ്ഞ വെല്ലാവഗെ 49 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

വെല്ലാലഗെയെ അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ ഒരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സര്‍ അടക്കം 32 റണ്‍സ് നേടിയതും വാര്‍ത്തയായിരുന്നു. മത്സരത്തില്‍ ശ്രീലങ്ക ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയതിന് ശേഷമാണ് പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജ്‌മെന്റും 22കാരനായ വെല്ലാലഗെയോട് സങ്കടകരമായ വാര്‍ത്ത പങ്കുവെച്ചത്.

ഏഷ്യാ കപ്പില്‍ അഫ്ഗാന്‍-ശ്രീലങ്ക മത്സരത്തിനിടെയാണ് ദുനിത് വെല്ലാലഗെയുടെ പിതാവ് സുരംഗ വെല്ലാലഗെ മരിക്കുന്നത്. ഹൃദയാഘാതം കാരണമാണ് മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങുകള്‍ക്ക് ശേഷമാണ് കോച്ചില്‍ നിന്ന് വെല്ലാലഗെ വിവരമറിയുന്നത്. സനത് ജയസൂര്യ വെല്ലാലഗെയുടെ തോളില്‍ കൈ വെച്ച് ആശ്വസിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

വിവരമറിഞ്ഞയുടന്‍ വെല്ലാലഗെ കുടുംബത്തോടൊപ്പം ചേരാന്‍ കൊളംബോയിലേക്ക് തിരിക്കുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ശ്രീലങ്കയുടെ ബാക്കി മത്സരങ്ങളില്‍ വെല്ലാലഗെ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. മത്സരത്തിലെ വിജയത്തോടെ സൂപ്പര്‍ ഫോറിലേക്ക് കടന്നിരിക്കുകയാണ് ശ്രീലങ്ക. നാളെ ബംഗ്ലാദേശിനെതിരെയും 23ന് പാകിസ്താനെതിരെയും 26ന് ഇന്ത്യയ്‌ക്കെതിരെയുമാണ് ശ്രീലങ്കയുടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍.

Content Highlights: Sri Lanka cricketer Dunith Wellalage learns of father's death after Asia Cup match against Afghanistan

dot image
To advertise here,contact us
dot image