പണം പോയാലും സാരമില്ല നല്ലൊരു പടം ചെയ്തു എന്നാണ് അന്ന് ദുൽഖർ പറഞ്ഞിരുന്നത്; കല്യാണി പ്രിയദർശൻ

ലോക സിനിമയുടെ റിലീസിന് തലേ ദിവസം ദുൽഖർ തനിക്ക് മെസ്സേജ് അയച്ചിരിന്നുവെന്ന് കല്യാണി

പണം പോയാലും സാരമില്ല നല്ലൊരു പടം ചെയ്തു എന്നാണ് അന്ന് ദുൽഖർ പറഞ്ഞിരുന്നത്; കല്യാണി പ്രിയദർശൻ
dot image

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. സിനിമയുടെ റിലീസിന് മുന്നേ ദുൽഖർ തന്നോട് പണം പോയാലും സാരമില്ല നല്ലൊരു പടം നിർമിച്ചുവെന്ന വിശ്വാസം ഉണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ബോക്സ് ഓഫീസ് നമ്പറുകൾ ശ്രദ്ധിക്കരുതെന്ന് പറഞ്ഞതായും കല്യാണി പറഞ്ഞു. സുധിർ ശ്രീനിവാസൻ നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'റിലീസിന്റെ തലേദിവസം ദുൽഖർ എനിക്ക് മെസ്സേജയച്ചിരുന്നു. പടം ബോക്‌സ് ഓഫീസിൽ എങ്ങനെ പെർഫോം ചെയ്യുമെന്ന കാര്യത്തിൽ വലിയ ധാരണയില്ലായിരുന്നു. 'ഈ സിനിമ കാരണം എന്റെ പൈസ പോയാലും വലിയ വിഷമമൊന്നും തോന്നില്ല. കാരണം നല്ലൊരു സിനിമ ചെയ്തു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്' എന്നായിരുന്നു ദുൽഖർ പറഞ്ഞിരുന്നത്. കാരണം, ഈ സിനിമ പ്രേക്ഷകർ ഏറ്റെടുത്താലും ഇല്ലെങ്കിലും നല്ല സിനിമയാണ് ഇതെന്ന് ഞങ്ങളെല്ലാവരും വിശ്വസിച്ചു.

എന്നെ കാസോ എന്നാണ് ദുൽഖർ വിളിക്കുന്നത്. 'കാസോ, നീയൊരിക്കലും ഈ സിനിമയുടെ കളക്ഷൻ നമ്പറുകൾ നോക്കരുത്. ഈ പടത്തിന്റെ നിർമാതാവെന്ന നിലയിൽ ഞാൻ ഹാപ്പിയാണ്. ഇതിന് വേണ്ടിയാണ് നമ്മൾ സിനിമയിലേക്ക് വന്നത്. ചെറിയൊരു കൂട്ടം പ്രേക്ഷകർ മാത്രമേ ഈ സിനിമയെ സ്വീകരിക്കൂവെങ്കിലും അത് ഈ സിനിമയുടെ യഥാർത്ഥ പ്രേക്ഷകരെ കണ്ടെത്തിയെന്ന് കരുതുക' എന്നും ദുൽഖർ പറഞ്ഞു. എനിക്കത് വലിയ ആത്മവിശ്വാസമാണ് നൽകിയത്', കല്യാണി പ്രിയദർശൻ പറയുന്നു.

റിലീസ് ആയി 7 ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

content highlights: Kalyani says Dulquer had sent her a message the day before the release of Lokah Cinema

dot image
To advertise here,contact us
dot image