
പ്രേക്ഷകരെ ആവേശം കൊള്ളിച്ചുകൊണ്ട് നിവിൻ പോളിയുടെ പുതിയ ചിത്രം 'ബേബി ഗേളി'ന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. 'ഗരുഡൻ' എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയ്ക്ക് ശേഷം സംവിധായകൻ അരുൺ വർമ്മയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ഒന്നിക്കുന്ന ഈ ചിത്രം, നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവിനുള്ള സൂചനകൾ നൽകുന്നു. "അവളുടെ നിലവിളി ഒരു കൊടുങ്കാറ്റിന് തിരികൊളുത്തുന്നു" എന്ന അടിക്കുറുപ്പോടെയാണ് പോസ്റ്റർ നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നു.
പോസ്റ്ററിൽ, ഒരു തീക്ഷ്ണമായ നോട്ടത്തോടെയാണ് നിവിൻ പോളി പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ പുതിയ ലുക്ക് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇത് മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് സൂചിപ്പിക്കുന്നത്. നിവിൻ പോളിയുടെ ആരാധകർ ഈ ലുക്കിൽ ഇമ്പ്രസ്സ്ഡ് ആണെന്നാണ് കമെൻ്റുകളിൽ നിന്നും മനസ്സിലാകുന്നത്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ലിജോ മോൾ ജോസ്, 'പ്രേമലുവിലൂടെ' ശ്രദ്ധ നേടിയ സംഗീത് പ്രതാപ് തുടങ്ങിയവരാണ്
ഈ ചിത്രം ഷൂട്ടിംഗ് ഘട്ടത്തിൽ വലിയ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. നിവിൻ പോളിയും നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും, നിവിൻ ചിത്രീകരണം പൂർത്തിയാക്കാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ അരുൺ വർമ്മയും ലിസ്റ്റിൻ സ്റ്റീഫനും പിന്നീട് വ്യക്തമാക്കി. ഈ വിവാദങ്ങൾക്ക് ശേഷമുള്ള ആദ്യ പോസ്റ്റർ റിലീസ് ആയതുകൊണ്ട് തന്നെ ചിത്രം വളരെ ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ഈ ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയാണ്. 'ട്രാഫിക്' പോലുള്ള മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിച്ച ഈ എഴുത്തുകാരുടെ കൂട്ടുകെട്ട് ചിത്രത്തിന്റെ നിലവാരം ഉറപ്പാക്കുന്നു.
'ബേബി ഗേളി'ന്റെ ഷൂട്ടിംഗ് പൂർത്തിയായതായും, ചിത്രം ഉടൻ തിയേറ്ററുകളിലെത്തുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. 'ലവ് ആക്ഷൻ ഡ്രാമ', 'കനകം കാമിനി കലഹം' തുടങ്ങിയ ചിത്രങ്ങൾക്കുശേഷം നിവിൻ പോളിയെ ഒരു ആക്ഷൻ ഹീറോയായി കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഈ ചിത്രം നിവിന്റെ കരിയറിലെ ഒരു നിർണായക വഴിത്തിരിവാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
content highlights : Nivin Pauly shared Motion Poster of his movie 'Baby Girl'