
അബുദാബിയിലെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ഹാജർ നില സംബന്ധിച്ച് നിയമങ്ങൾ കർശനമാക്കി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്. വിദ്യാർത്ഥികളുടെ അവധി ദിവസങ്ങളുടെ എണ്ണത്തിലും സ്കൂളിൽ വൈകിയെത്തുന്നത് അച്ചടക്ക നടപടിയുടെ ഭാഗമാക്കുന്നതുമാണ് പുതിയ നിയമങ്ങൾ. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താനും ഹാജർ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങൾ.
ഒരു അധ്യയന വർഷത്തിൽ മൊത്തം സ്കൂൾ ദിവസങ്ങളുടെ അഞ്ച് ശതമാനം മാത്രമാണ് ഒരു വിദ്യാർത്ഥിക്ക് അവധിയെടുക്കുവാൻ സാധിക്കുക. അതിലധികം അവധിയെടുക്കേണ്ടി വന്നാൽ ആ വിദ്യാർത്ഥി 'കാരണമുണ്ടാക്കുന്ന അവസ്ഥ' (cause for concern) എന്ന വിഭാഗത്തിൽ ഉൾപ്പെടും. ഒരു അധ്യയന വർഷത്തിൽ മൂന്നോ അതിലധികമോ തവണ വൈകിയെത്തുന്നത് അച്ചടക്ക നടപടികൾക്ക് കാരണമാകുമെന്നതാണ് മറ്റൊരു നിയമം.
അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ രക്ഷിതാക്കളെ 'അംഗീകൃത അവധികൾ' സംബന്ധിച്ച വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ ഒപ്പോടുകൂടിയ കുറിപ്പോ ഔദ്യോഗിക രേഖകളോ ഉണ്ടെങ്കിൽ മാത്രമേ ചില അവധികൾക്ക് അംഗീകാരം ലഭിക്കൂ. ഇതിൽ വൈദ്യസഹായം, അടുത്ത ബന്ധുവിന്റെ മരണം, മുൻകൂട്ടി നിശ്ചയിച്ച മെഡിക്കൽ അപ്പോയിന്റ്മെൻ്റുകൾ, ഔദ്യോഗിക കമ്മ്യൂണിറ്റി സേവനം, മത്സരങ്ങളിൽ പങ്കാളിത്തം തുടങ്ങിയവ ഉൾപ്പെടുന്നു.
സ്കൂൾ സമയം കഴിഞ്ഞുള്ള പഠന സൗകര്യങ്ങൾക്കും പരീക്ഷാ സംബന്ധമായ അവധികൾക്കും പ്രത്യേക നിയമങ്ങളുണ്ട്. സ്കൂളുകൾ എല്ലാ അധ്യയന വർഷത്തിൻ്റെ തുടക്കത്തിലും ഹാജർ നയം രക്ഷിതാക്കളുമായി പങ്കിടുകയും അവരുടെ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുകയും വേണം.
സ്കൂളുകൾ വിദ്യാർത്ഥികളുടെ ഹാജർ, അച്ചടക്കം എന്നിവയിൽ കർശനമായ നടപടികൾ സ്വീകരിക്കണം. ഈ നയപ്രകാരം, റിപ്പോർട്ട് ചെയ്യാത്ത അവധികളുടെ കാര്യത്തിലും, വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും, അവരുടെ പഠനപരമായ പുരോഗതി വിലയിരുത്തുന്നതിലും സ്കൂളുകൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാകും.
Content Highlights: Abu Dhabi private schools announce new attendance rules for students