
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെതിരായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിമർശനത്തിൽ പ്രതികരണവുമായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. വീട്ടില്‍ വരുന്നവരെ എങ്ങനെ സ്വീകരിക്കണം എന്നത് ഓരോരുത്തരുടെയും മര്യാദപോലെയിരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. രണ്ടാം തീയതി കാണുമെന്ന് പ്രതിപക്ഷ നേതാവ് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് കാണാന്‍ കൂട്ടാക്കിയില്ലെന്നും മന്ത്രി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അയ്യപ്പ സംഗമം നടക്കുന്നത് ശബരിമലയിലല്ലെന്നും പമ്പയിലാണെന്നും വാസവന്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിന്‍വലിക്കാന്‍ പറ്റാത്തതാണ് ഏറിയതും. ഇത് സംബന്ധിച്ച് കോടതിയില്‍ സര്‍ക്കാരിന്റെ നിലപാട് പറയും. ഇതുമായി ബന്ധപ്പെട്ട് വിവാദത്തിനില്ല. യുവതി പ്രവേശനം സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചയില്ല. വിഷയം കോടതിക്ക് മുമ്പിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഗോള അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതേപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, താന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓഫീസില്‍ കത്ത് നല്‍കുകയും പുറത്തിറങ്ങി താന്‍ കാണാന്‍ കൂട്ടാക്കിയില്ലെന്നും പറയുന്നത് മര്യാദകേടാണെന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. താന്‍ വീട്ടിലുള്ള സമയത്ത് ആര് വന്നാലും കാണാന്‍ അനുമതി നല്‍കാറുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോള്‍ ഓഫീസില്‍ വിളിച്ച് ദേവസ്വം പ്രസിഡന്റ് വന്നിരുന്നോ എന്ന് അന്വേഷിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് അദ്ദേഹം വന്നിരുന്ന കാര്യം അറിയുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാതിരിക്കേണ്ട സാഹചര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു.
Content Highlights- V N Vasavan reply to v d satheesan on his statement against devaswom board president over global ayyappa sangamam invitation.