പ്രേമലുവിലെ അമൽ ഡേവിസിനെ അതുപോലെ വേണമെന്നാണ് സത്യൻ അന്തിക്കാട് സാർ പറഞ്ഞത്: സംഗീത് പ്രതാപ്

'ഹൃദയപൂർവ്വത്തിൽ ലാലേട്ടൻ എന്നെ ഡ്രെസിന് കുത്തിപിടിക്കുന്ന സീൻ ഉണ്ട്. അതൊന്നും അവർ പ്ലാൻ ചെയ്തത് ആയിരുന്നില്ല'

dot image

പ്രേമലു എന്ന ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ് സംഗീത് പ്രതാപ്. മോഹൻലാൽ നായകനായി എത്തുന്ന ഹൃദയപൂർവ്വമാണ് ഇനി പുറത്തുവരാനുള്ള സംഗീത് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ കഥാപാത്രത്തിനെക്കുറിച്ച് മനസുതുറക്കുകയാണ് സംഗീത്. പ്രേമലുവിലെ അമൽ ഡേവിസിനെപ്പോലെ വേണം ഹൃദയപൂർവ്വത്തിലെ കഥാപാത്രമെന്ന ആവശ്യവുമായിട്ടാണ് സത്യൻ അന്തിക്കാട് സാർ എത്തിയതെന്ന് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംഗീത് പറഞ്ഞു.

'പ്രേമലുവിൽ കണ്ട അമൽ ഡേവിസ് എങ്ങനെ ആയിരുന്നോ എന്നെ അതുപോലെ തന്നെ വേണമെന്ന ആവശ്യവുമായിട്ടാണ് സത്യൻ സാർ വന്നത്. പ്രേമലുവിൽ ഉണ്ടായിരുന്ന ചാം റീക്രിയേറ്റ് ചെയ്യാനാണ് അവർ ശ്രമിച്ചത്. ഹൃദയപൂർവ്വത്തിൽ ലാലേട്ടൻ എന്നെ ഡ്രെസിന് കുത്തിപിടിക്കുന്ന സീൻ ഉണ്ട്. അതൊന്നും അവർ പ്ലാൻ ചെയ്തത് ആയിരുന്നില്ല. ഞാൻ ആ സീൻ ചെയ്യുമ്പോൾ തന്നെ അതിന് പ്രേമലു റഫറൻസ് വരാൻ സാധ്യതയുണ്ടെന്ന് മനസ്സിലായിരുന്നു. ഞാൻ കഥാപാത്രത്തിന് വേറെ രീതിയിൽ ചെറിയ മാറ്റങ്ങൾ ഒക്കെ കൊണ്ടുവരാൻ നോക്കിയെങ്കിലും ഇവർക്ക് വേണ്ടത് എന്താണെന്ന് പറയുമ്പോൾ അത് കൃത്യം അമൽ ഡേവിസിലേക്ക് ആണ് പോകുന്നതെന്ന് മനസിലാകും', സംഗീതിന്റെ വാക്കുകൾ.

ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂർവ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. നിരവധി ഫാൻസ് ഷോകളാണ് ചിത്രത്തിനായി മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്. ആദ്യ ദിനം മികച്ച കളക്ഷൻ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Content Highlights: sangeeth prathap about hridayapoorvam role

dot image
To advertise here,contact us
dot image