5 മില്യൺ കാഴ്ചക്കാരെയും കടന്ന് വേഫെറർ ഫിലിംസിൻ്റെ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര' ട്രെയ്‌ലർ; ചിത്രം ആഗസ്റ്റ് 28 ന്

മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്ന സൂചനയാണ് ട്രെയ്‌ലർ തരുന്നത്

dot image

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര'യുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസം തികയുന്നതിനു മുമ്പ് തന്നെ 5 മില്യൺ കാഴ്ചക്കാരിൽ കൂടുതലാണ് ട്രെയ്‌ലർ യൂട്യൂബിൽ നിന്ന് നേടിയത്. വലിയ ചർച്ചയായി മാറിയ ട്രെയ്‌ലറിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. രാവിലെ 9.30 മുതലാണ് ചിത്രത്തിൻ്റെ ഷോകൾ ആരംഭിക്കുക. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര".

മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ഫാന്റസി സൂപ്പർ ഹീറോ ചിത്രമാണിതെന്ന സൂചനയാണ് ട്രെയ്‌ലർ തരുന്നത്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന സംഗീതവും കൊണ്ട് പ്രേക്ഷകരെ ആകർഷിച്ച ട്രെയ്‌ലർ, ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ, സസ്പെൻസ് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സൂചന നൽകി. മലയാള സിനിമയുടെ ലെവൽ മാറ്റും ഈ ചിത്രം എന്ന പ്രതീക്ഷയാണ് പ്രേക്ഷകർ പങ്ക് വെക്കുന്നത്. കഴിഞ്ഞ ദിവസം അഡ്വാൻസ് ബുക്കിംഗ് ബുക്കിംഗ് ഓപ്പൺ ആയ ചിത്രത്തിന് ഓൺലൈൻ ബുക്കിംഗിലും ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.

സൂപ്പർഹീറോ ആയ "ചന്ദ്ര" എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയദർശൻ വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ "സണ്ണി" എന്നാണ് നസ്‌ലൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇൻസ്‌പെക്ടർ നാച്ചിയപ്പ ഗൗഡ എന്ന കഥാപാത്രമായി തമിഴ് താരം സാൻഡിയും 'വേണു' ആയി ചന്ദുവും, 'നൈജിൽ' ആയി അരുൺ കുര്യനും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ശാന്തി ബാലചന്ദ്രൻ, ശരത് സഭ, നിഷാന്ത് സാഗർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിൻ്റെ ആദ്യ ഭാഗമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര".

കേരളത്തിൽ ബിഗ് റിലീസായി വേഫെറർ ഫിലിംസ് എത്തിക്കുന്ന ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും എത്തിക്കുന്നത് വമ്പൻ വിതരണക്കാരാണ്. തമിഴിൽ എ ജി എസ് സിനിമാസ്, കർണാടകയിൽ ലൈറ്റർ ബുദ്ധ ഫിലിംസ് എന്നിവർ വിതരണം ചെയ്യുന്ന ചിത്രം, തെലുങ്കിൽ സിതാര എൻ്റർടെയ്ൻമെൻ്റ്സ്, നോർത്ത് ഇന്ത്യയിൽ പെൻ മരുധാർ എന്നിവരാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. തെന്നിന്ത്യയിലെ എപിക് സ്‌ക്രീനുകളിലും ചിത്രം പ്രദർശനത്തിന് എത്തും.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Content Highlights: loka trailer garners 5 million views

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us