ബോളിവുഡ് വിട്ട ശേഷമാണ് ഡിപ്രഷനിൽ നിന്ന് പുറത്തു വന്നത്, ധാരാളം മലയാളം സിനിമകൾ കാണാൻ തുടങ്ങി; അനുരാഗ് കശ്യപ്

ഒരു സമയം തന്നോടൊപ്പം ജോലി ചെയ്യാന്‍ പോലും പലരും വിമുഖത കാട്ടിയിരുന്നു, തന്നോടൊപ്പം ജോലി ചെയ്താല്‍ പിന്നീട് മറ്റ് വര്‍ക്കുകള്‍ ലഭിക്കില്ലേയെന്ന് ആളുകള്‍ ഭയപ്പെടാന്‍ തുടങ്ങി

dot image

ബോളിവുഡിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് അനുരാഗ് കശ്യപ്. കടുത്ത ഡിപ്രഷനാണ് താന്‍ ബോളിവുഡ് സിനിമകള്‍ വിടാന്‍ കാരണമെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. സുധീര്‍ ശ്രീനിവാസനുമായുള്ള പോഡ്കാസ്റ്റിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ബോളിവുഡ് വിട്ട ശേഷമാണ് താൻ വിഷാദാവസ്ഥയിൽ നിന്ന് പുറത്തു വന്നതെന്നനും അനുരാഗ് കശ്യപ് പറഞ്ഞു.

'കടുത്ത വിഷാദാവസ്ഥയിലേക്ക് പോയിരുന്നു. ഇപ്പോള്‍ ഞാനാ അവസ്ഥയില്‍ നിന്ന് പുറത്ത് വന്നു. ഇപ്പോള്‍ എല്ലാം ആസ്വദിക്കാന്‍ തുടങ്ങി. അതിനായി ഞാന്‍ ചെയ്ത ഒരു കാര്യം, ഹിന്ദി സിനിമകള്‍ കാണുന്നത് നിര്‍ത്തി എന്നതാണ്. ഇപ്പോള്‍ പുതിയ സംവിധായകരുടെ ചിത്രങ്ങള്‍ കാണാനാരംഭിച്ചു. ധാരാളം മലയാള സിനിമകളും കാണാന്‍ തുടങ്ങി,' അനുരാഗ് കശ്യപ് പറഞ്ഞു. ഹിന്ദി സിനിമയില്‍ നിന്ന തനിക്ക് കടുത്ത അവഗണന നേരിട്ടിരുന്നുവെന്നും താന്‍ മുഖം മൂടിയില്ലാതെ സംസാരിക്കുന്നതും പെരുമാറുന്നതും അവര്‍ക്ക് പ്രശ്‌നമായിരുന്നുവെന്നും അനുരാഗ് കശ്യപ് പോഡ്കാസ്റ്റിൽ പറയുന്നു.

ഒരു സമയം തന്നോടൊപ്പം ജോലി ചെയ്യാന്‍ പോലും പലരും വിമുഖത കാട്ടിയിരുന്നു. തന്നോടൊപ്പം ജോലി ചെയ്താല്‍ പിന്നീട് മറ്റ് വര്‍ക്കുകള്‍ ലഭിക്കില്ലേയെന്ന് ആളുകള്‍ ഭയപ്പെടാന്‍ തുടങ്ങി. പക്ഷെ ഇപ്പോള്‍ ഞാന്‍ എനിക്ക് പ്രചോദനമാവുന്ന ആളുകള്‍ക്കിടയിലാണ് നില്‍ക്കുന്നതെന്നും അവസ്ഥയെ മറികടന്നുവെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

അടുത്തിടെ മലയാളത്തിൽ റൈഫിൾ ക്ലബ് എന്ന സിനിമയിലെ അനുരാഗ് കശ്യപിന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധേ നേടിയിരുന്നു. മഹാരാജ എന്ന തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സംവിധായകനെന്ന നിലയില്‍ അനുരാഗ് കശ്യപിന്റെ അവസാനത്തെ തിയേറ്റര്‍ റിലീസ് ദോബാര (2022) ആയിരുന്നു. കശ്യപിന്റെ അടുത്ത റിലീസ് 'നിഷാഞ്ചി' എന്ന ഒരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങി. ഐശ്വര്യ താക്കറെയുടെ അരങ്ങേറ്റ ചിത്രമാണിത്. വേദിക പിന്റോ, മോണിക്ക പന്‍വര്‍, മുഹമ്മദ് സീഷന്‍ അയ്യൂബ്, കുമുദ് മിശ്ര എന്നിവരും ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Content Highlights: Anurag Kashyap says he came out of depression after leaving Bollywood

dot image
To advertise here,contact us
dot image