'വീട്ടുതടങ്കലിലാക്കി, ഗൂഢാലോചന നടത്തി';കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി ആമിർ ഖാന്റെ സഹോദരൻ

തന്നെ മാനസികരോഗിയാക്കി ചിത്രീകരിച്ചുവെന്നും നിര്‍ബന്ധിച്ച് മരുന്നുകള്‍ നല്‍കിയെന്നുമുള്ള ആരോപണങ്ങളാണ് ഫെെസല്‍ ഖാന്‍ ഉന്നയിക്കുന്നത്

dot image

ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാനും സഹോദരൻ ഫൈസൽ ഖാനും തമ്മിലുള്ള തർക്കങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുമായി എല്ലാ ബന്ധങ്ങളും അറുത്ത് മാറ്റുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫൈസൽ ഖാൻ രംഗത്തെത്തി. ആമിറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഫൈസൽ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഒരു വർഷത്തോളം തന്നെ വീട്ടുതടങ്കലിലാക്കിയെന്നും, തനിക്ക് സ്കീസോഫ്രീനിയ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചുവെന്നും ഫൈസൽ നേരത്തെ ആരോപിച്ചിരുന്നു.

ഫൈസലിന്റെ ഈ പ്രസ്താവനകൾ 'വേദനാജനകവും തെറ്റിദ്ധാരണാജനകവുമാണെന്ന്' വ്യക്തമാക്കി ആമിർ ഖാനും കുടുംബവും ഔദ്യോഗിക പ്രസ്താവന ഇറക്കിയിരുന്നു. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഫൈസൽ കൂടുതൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് വന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫൈസൽ ഖാൻ തന്റെ തീരുമാനങ്ങൾ വ്യക്തമാക്കിയത്.

"ഞാൻ, ഫൈസൽ ഖാൻ, ഇന്ന് മുതൽ എന്റെ കുടുംബാംഗങ്ങളുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണ്. എന്റെ പരേതനായ പിതാവ് താഹിർ ഹുസൈനിന്റെയോ, അമ്മ സീനത്ത് താഹിർ ഹുസൈനിന്റെയോ കുടുംബത്തിൽ ഇനി ഞാൻ അംഗമായിരിക്കില്ല. അവരുടെ സ്വത്തുക്കളിൽ എനിക്ക് യാതൊരു അവകാശങ്ങളുമില്ല, അതുപോലെ യാതൊരു ബാധ്യതകൾക്കും ഞാൻ ഉത്തരവാദിയായിരിക്കില്ല," ഫൈസൽ പ്രസ്താവനയിലൂടെ അറിയിച്ചു.

തന്റെ ഈ കടുത്ത തീരുമാനത്തിന് പിന്നിലെ കാരണങ്ങളും ഫൈസൽ വിശദീകരിച്ചു. "ഞാനിനി ആമിർ ഖാന്റെ വീട്ടിൽ താമസിക്കുകയില്ല, അദ്ദേഹത്തിൽ നിന്ന് പ്രതിമാസ അലവൻസുകളോ മറ്റ് സാമ്പത്തിക സഹായങ്ങളോ സ്വീകരിക്കുകയുമില്ല. എന്റെ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണ്. നിർബന്ധമായി മരുന്ന് നൽകുക, വീട്ടുതടങ്കലിൽ വെക്കുക, രേഖകളിൽ ഒപ്പിടാനുള്ള അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുക തുടങ്ങിയ മുൻകാല സംഭവങ്ങളാണ് എന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചത്," ഫൈസൽ പറഞ്ഞു.

കുടുംബം തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും, അവരുടെ മുൻ പ്രസ്താവനയിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നും ഫൈസൽ ആരോപിച്ചു. ഈ കുടുംബപ്രശ്നങ്ങൾ വർഷങ്ങളായി തുടരുന്നതാണെന്നും, കഴിഞ്ഞ തവണ നിയമപോരാട്ടത്തിലൂടെ താൻ മാനസികമായി പൂർണ്ണ ആരോഗ്യവാനാണെന്ന് കോടതിക്ക് മുന്നിൽ തെളിയിച്ചതാണെന്നും ഫൈസൽ ഓർമ്മിപ്പിച്ചു.

വ്യക്തിപരമായ ഈ ദുരിതങ്ങൾ തന്റെ കരിയറിനെ ദോഷകരമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഫൈസലിന്റെ ഈ പുതിയ പ്രസ്താവനയോട് ആമിർ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബോളിവുഡിന് പുറത്തും ഈ സംഭവം വലിയ ചർച്ചയായിരിക്കുകയാണ്.

content highlights : Aamir Khan's brother Faissal Khan accuses severe allegations on him

dot image
To advertise here,contact us
dot image