
കൊച്ചി: തുടരും സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമായ കെആർ സുനിലിന്റെ 'വെളിച്ചപ്പാടും പോക്കറ്റടിക്കാരും' എന്ന ആദ്യ പുസ്തകം മോഹൻലാൽ പ്രകാശ് വർമയ്ക്ക് നൽകി പ്രകാശനം ചെയ്തു. കെ ആർ സുനിൽ പല കാലങ്ങളിലായി എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
ആരാലും രേഖപ്പെടുത്താതെ പോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓർമ്മപ്പുസ്തകം എന്ന വിശേഷണത്തോടെയാണ് പുസ്തകം എത്തുന്നത്. നമുക്ക് ചുറ്റിലുമുള്ള നാം കാണാതെ പോയവരെ സുനിലിന്റെ കണ്ണും ക്യാമറയും കണ്ടു എന്നും ആ കഥകൾ എനിക്ക് ജീവിതത്തിന്റെ പല പല അടരുകൾ കാണിച്ചുതന്നു എന്നാണ് പുസ്തതകത്തെ കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍.
കൃതിയ്ക്ക് അവതാരിക എഴുതിയതും മോഹൻലാൽ തന്നെയാണ്.
'ജെല്ലിക്കെട്ടുകാർ, ഉരുവിൽ കടലിൽപ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാർ, ചവിട്ടുനാടകക്കാർ, വെളിച്ചപ്പാട്, പോക്കറ്റടിക്കാർ, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങിനെ എത്രയെത്ര ലോകങ്ങൾ! ഈ മനുഷ്യരെയെല്ലാം സുനിൽ സമീപിക്കുന്നതും അവരുടെ കഥകൾ കേൾക്കുന്നതും സഹജമായ മനുഷ്യസ്‌നേഹത്തോടെയും കാരുണ്യത്തോടെയുമാണ്. ഇതിലെ ഒരു ജീവിതത്തേയും ഈ എഴുത്തുകാരൻ വിധിക്കുന്നില്ല. ഇങ്ങിനേയും ജീവിതങ്ങളുണ്ട് എന്ന് കാണിച്ചുതരിക മാത്രം ചെയ്യുന്നു. എഴുത്തിൽ അലങ്കാരങ്ങളുടെ പൊലിപ്പിക്കലുകളില്ല. കെട്ടിപ്പറച്ചിലുകളില്ല. പോവുന്ന യാത്രികന്റെ കണ്ണിലെ തെളിമയാണ് എല്ലാറ്റിലും. കേട്ടതും അനുഭവിച്ചതും മനസ്സിനെ സ്പർശിച്ചതും മാത്രമേ എഴുതിയിട്ടുള്ളൂ.
അതുകൊണ്ട് ഹൃദയത്തിൽനിന്ന് ഹൃദയത്തിലേയ്ക്കാണ് സുനിലിന്റെ എഴുത്തിന്റെ സഞ്ചാരം. നമ്മുടെ ലോകം മാത്രമാണ് എപ്പോഴും നമ്മുടെ ചിന്തകളിൽ നിറയുന്നത്. പരമാവധി നമ്മുടെ കൺമുന്നിലും അനുഭവത്തിലും വരുന്ന ലോകങ്ങൾ.എന്നാൽ ജീവിതത്തിന് എത്രയെത്ര അടരുകളാണ് ഉള്ളത് എന്ന് സുനിലിന്റെ ഈ പുസ്തകം നമ്മെ അത്ഭുതപ്പെടുത്തുന്നു. അറിഞ്ഞതിനേക്കാൾ എത്രമാത്രം അറിയാത്ത കാര്യങ്ങളുമായാണ് ഓരോ മനുഷ്യനും ഈ ഭൂമി വിട്ടുപോവുന്നത് എന്ന് ഞാൻ ഓർത്തുപോയി. കെആർ സുനിലിന് ഇനിയുമിനിയും വ്യത്യസ്തമായ മനുഷ്യജീവിതങ്ങളിലേയ്ക്കും ഭൂമികകളിലേയ്ക്കും തുറന്നുവെച്ച കണ്ണും മനസ്സും ക്യാമറയുമായി സഞ്ചരിക്കാൻ സാധിക്കട്ടെ. ആ കഥകൾ കേൾക്കാനും ചിത്രങ്ങൾ കാണാനും എല്ലാ മലയാളികൾക്കുമൊപ്പം ഞാനും കാത്തിരിക്കുന്നു', പുസ്തകത്തിന്റെ അവതാരികയില്‍ മോഹൻലാൽ എഴുതി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'വെളിച്ചപ്പാടും പോക്കറ്റടിക്കാരും' വിപണയില്‍ ലഭ്യമാണ്.
Content Highlights: Thudarum writer K R Sunil's new book released by Mohanlal and Prakash Varma