
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സിനിമ കോൺക്ലേവിൽ നടത്തിയ ദളിത് വിരുദ്ധ പരാമർശത്തില്‍ വിമർശനവുമായി ഗായികയായ സിത്താര കൃഷ്ണകുമാർ രംഗത്തെത്തി. പുഷ്പവതി ആരാണെന്ന് അറിയില്ലെന്നും കോണ്‍ക്ലേവില്‍ അഭിപ്രായം പറയാന്‍ അവർക്ക് എന്താണ് യോഗ്യത എന്നുമായിരുന്നു അടൂർ ചോദിച്ചിരുന്നത്. ഇപ്പോഴിതാ ഗായിക സിത്താര കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിലൂടെ പ്രതിഷേധമുയർത്തിയിരിക്കുകയാണ്.
"കല ജനിക്കുന്നത് സഹാനുഭൂതിയിൽ നിന്നാണ്, അഹംഭാവത്തിൽ നിന്നല്ല. മഹത്വം അളക്കുന്നത് പേരോ, പ്രശസ്തിയോ, അവാർഡുകളോ, ദശാബ്ദങ്ങളുടെ പാരമ്പര്യമോ കൊണ്ടല്ല, മറിച്ച് മറ്റുള്ളവരെ, പ്രത്യേകിച്ച് നമ്മളോടൊപ്പം നടക്കുന്നവരെയും നമുക്ക് പിന്നാലെ വരുന്നവരെയും എത്രമാത്രം ദയയോടെയും മാന്യതയോടെയും പരിഗണിക്കുന്നു എന്നതിലാണ്.", സിത്താര കുറിച്ചു.
'പുഷ്പവതിക്ക് സിനിമയുമായി എന്ത് ബന്ധം? പ്രതിഷേധിക്കാൻ ഇത് ചന്തയല്ല' എന്നും, 'അവർക്ക് വേണ്ടത് പബ്ലിസിറ്റിയാണ്, അത് കിട്ടി' എന്നും അടൂർ ഗോപാലകൃഷ്ണൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാള സിനിമയിൽ വർഷങ്ങളുടെ പാരമ്പര്യവും, ദേശീയ-അന്തർദേശീയ തലത്തിൽ അംഗീകാരങ്ങളും നേടിയ ഒരു സംവിധായകനിൽനിന്ന് ഇത്തരമൊരു പരാമർശം വന്നത് സമൂഹമാധ്യമങ്ങളിലും സിനിമാലോകത്തും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കി.
അടൂരിന്റെ പ്രസ്താവനയ്ക്ക് നേരിട്ട് മറുപടി നൽകാതെ, കലയുടെയും മനുഷ്യത്വത്തിന്റെയും മൂല്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള സിത്താരയുടെ ഈ പ്രതികരണം ഏറെ ശ്രദ്ധേയമായി. സിനിമാരംഗത്തെ സ്ത്രീകളുടെയും അവസരം നിഷേധിക്കപ്പെട്ടവരുടെയും വിഷയത്തിൽ അടൂർ നടത്തിയ ഈ പരാമർശം കൂടുതൽ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴി വെക്കുമെന്നാണ് സൂചന. മലയാള സിനിമയിലെ മറ്റ് പ്രമുഖർ ഈ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാൻ മടിക്കുമ്പോൾ, സിത്താരയുടെ ധീരമായ നിലപാട് ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.
content highlights : singer Sithara Krishnakumar against Adoor Gopalakrishnan's comment on Pushpavathy