
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന
കെ മണികണ്ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. സിബിഐ കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗമാണ് കെ മണികണ്ഠൻ.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നേരത്തെ മണികണ്ഠൻ രാജി വെച്ചിരുന്നു. പെരിയ ഇരട്ട കൊലക്കേസിലെ 14-ാം പ്രതിയായ മണികഠനെ കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. പിന്നീട് ശിക്ഷ ഹൈക്കോടതി റദ്ദാക്കുകയും പ്രതികളായ നേതാക്കൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് നേതാവ് അഡ്വ. എം കെ ബാബുരാജാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.
2019 ഫെബ്രുവരി 17-നാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത്ത്‌ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡിൽ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു ശരത്ത് ലാൽ മരിച്ചത്.
Content Highlights: Election Commission disqualifies Periya double murder case accused K Manikandan