
വേനല്‍ക്കാലത്ത് തീപിടുത്തം തടയാന്‍ പ്രത്യേക ബോധവത്ക്കരണ കാമ്പയനുമായി ഖത്തര്‍ സിവില്‍ ഡിഫന്‍സ് വിഭാഗം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ താമസക്കാര്‍ക്കായി വിവിധ നിര്‍ദേശങ്ങളും സിവില്‍ ഡിഫന്‍സ് വിഭാഗം പുറത്തിറക്കി.
പൊതുജനങ്ങളില്‍ വൈദ്യുത സുരക്ഷയുടെ അവബോധം വര്‍ദ്ധിപ്പിച്ച് താമസസ്ഥലങ്ങളിലെ തീപിടുത്തങ്ങള്‍ തടയുന്നതിനുളള ശ്രമങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഖത്തര്‍ സിവില്‍ ഡിഫന്‍സ് വിഭാഗം. വീടുകളിലെയും ഫ്‌ളാറ്റുകളിലെയും എല്ലാ വൈദ്യുത കണക്ഷനുകളും ഉപകരണങ്ങളും അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാണമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം നിര്‍ദേശിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സര്‍ട്ടിഫൈഡ് കമ്പനികളുടെ വയറുകളും മറ്റ് ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
നിലവാരമില്ലാത്ത ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ അമിതമായി ചൂടാകുന്നതിനും അത് തീപിടുത്തത്തിനും കാരണമാകും. എല്ലാ പ്ലഗുകളും സോക്കറ്റുകളും വയറിംഗും പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പാക്കണമെന്നും കേടായതോ പൊട്ടിയതോ ആയ കേബിളുകള്‍ ഉടനടി മാറ്റിസ്ഥാപിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഇതിനായി അംഗീകൃത ഇലക്ട്രീഷ്യന്റെ സഹായം തേടണം.
ചൂട് കൂടിയ സമയങ്ങളില്‍ എയര്‍ കണ്ടീഷണറുകളുടെ തുടര്‍ച്ചയായ ഉപയോഗം മൂലം വൈദ്യുതി ഉപഭോഗം വര്‍ദ്ധിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് വിഭാഗം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. രാജ്യത്തെ മുഴുവന്‍ താമസക്കാരും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി കാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്.
Content Highlights: Qatar raises awareness to prevent fires during summer