തമിഴിൽ എന്റെ ശബ്ദത്തിന് കിട്ടിയത് ട്രോൾ, പക്ഷെ ഹിന്ദിയിൽ സ്വീകാര്യത, അതിനൊരു കാരണമുണ്ട്: ശ്രുതി ഹാസൻ

രണ്ട് ബോളിവുഡ് നടിമാരുടെ ശബ്ദത്തെ കുറിച്ചും ശ്രുതി ഹാസന്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

dot image

നടിയായും ഗായികയായും ശ്രദ്ധ നേടിയ താരമാണ് ശ്രുതി ഹാസന്‍. എന്നാല്‍ തുടക്ക നാളുകളില്‍ തന്റെ ശബ്ദത്തെ അംഗീകരിക്കാന്‍ സിനിമ ഇന്‍ഡസ്ട്രി തയ്യാറായിരുന്നില്ലെന്ന് പറയുകയാണ് ശ്രുതി ഹാസന്‍. തമിഴില്‍ ശബ്ദത്തിന് വലിയ ട്രോളാണ് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ സ്വന്തമായി ഡബ്ബ് ചെയ്യുന്നത് വളരെ കുറവായിരുന്നെന്നും ശ്രുതി പറഞ്ഞു.

വളരെ വ്യത്യസ്തമായ ഡീപ്പ് ആയ ശബ്ദമാണ് തന്റേതെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നതെന്നും ശ്രുതി പറഞ്ഞു. പിന്നീട് ഏറെ കഴിഞ്ഞാണ് സ്വന്തം ശബ്ദം തന്നെ അഭിനയിച്ച കഥാപാത്രങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഹിന്ദി സിനിമാ ഇന്‍ഡസ്ട്രിയും പ്രേക്ഷകരും തന്റെ ശബ്ദത്തെ സ്വീകരിച്ചെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. ഹിന്ദിയില്‍ തന്റേതിന് സമാനമായ ശബ്ദമുള്ള നടിമാര്‍ നേരത്തെ തന്നെ ഉണ്ടായിരുന്നതാകാം കാരണമെന്നും ശ്രുതി ഹാസന്‍ പറഞ്ഞു. നടി കേന്ദ്ര കഥാപാത്രങ്ങളിലൊരാളായി എത്തുന്ന കൂലി എന്ന രജനികാന്ത് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രുതി ഇക്കാര്യം പറഞ്ഞത്.

'തമിഴിലെ എന്റെ തുടക്കനാളുകളില്‍ ശബ്ദത്തിന്റെ പേരില്‍ ഞാന്‍ ഒരുപാട് ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഡീപ്പ് ആയ ശബ്ദമായിരുന്നതായിരുന്നു കാരണം. എന്നാല്‍ ഹിന്ദിയിലുള്ളവര്‍ക്ക് എന്റെ ശബ്ദം ഓകെ ആയിരുന്നു. കാരണം അവര്‍ക്ക് അത്തരം ഡീപ്പും ഡിഫറന്റുമായ ശബ്ദങ്ങള്‍ ഓകെ ആണ്. മാത്രമല്ല റാണി മുഖര്‍ജി, സുസ്മിത സെന്‍ തുടങ്ങിയ അത്തരം ശബ്ദമുള്ള നടികള്‍ അവിടെ ഉണ്ടല്ലോ. അവരുടെ ശബ്ദം എന്നേക്കാളും ഡീപ്പ് ടോണിലുള്ളതാണ്.

തെലുങ്കില്‍ എന്റെ ശബ്ദത്തെ സ്വീകരിക്കണമോ വേണ്ടയോ എന്ന കണ്‍ഫ്യൂഷന്‍ ആയിരുന്നു. നാഗ് അശ്വിനാണ് തെലുങ്കില്‍ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാന്‍ ആദ്യമായി അവസരം നല്‍കുന്നത്. പിന്നീട് മറ്റുള്ളവരും ഓകെ ആയി. സലാറിലും എനിക്ക് സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യാനായി. വീരസിംഹ റെഡ്ഡിയിലും ഡബ്ബ് ചെയ്യണമെന്നുണ്ടായിരുന്നു, പക്ഷെ നടന്നില്ല. കൂലിയില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്,' ശ്രുതി ഹാസന്‍ പറഞ്ഞു.

Content Highlights: Shruti Haasan about the trolls she had to face for her voice

dot image
To advertise here,contact us
dot image