
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ AMMA യില്‍ തിരഞ്ഞെടുപ്പ് ചൂട് മുറുകുകയാണ്. ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി അംഗങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. നടി അന്‍സിബ ഹസനും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. താൻ അടക്കം അംഗമായ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് മറ്റുള്ള അംഗങ്ങളെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു. സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാള്‍ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ ഇവിടെ എന്താണ് പ്രശ്‌നം എന്നും അൻസിബ കൂട്ടിച്ചേർത്തു.
'മത്സര രംഗത്ത് കൂടുതൽ ആളുകളുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുക. ശ്വേത മേനോനും ജഗദീഷും മത്സരരംഗത്ത് ഉള്ളത് പോസിറ്റീവ് ആയ കാര്യമാണ്. 32 വർഷത്തെ ചരിത്രത്തിൽ ഇത്രയും അധികം ആളുകൾ മത്സരിക്കാൻ വരുന്നത് ആദ്യമാണ്. ഞാൻ അടക്കം അംഗമായ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളാണ് ഇവരെയൊക്കെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചത്. ആരോഗ്യകരമായ മത്സരമാണ് നടക്കുന്നത്. സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയെക്കാൾ വലുതാണ് രാഷ്ട്രം. അവിടെ ആരോപണ വിധേയർക്ക് മത്സരിക്കാമെങ്കിൽ ഇവിടെ എന്താണ് പ്രശ്നം,' അൻസിബ പറഞ്ഞു.
AMMAയുടെ പുതിയ ഭരണനേതൃത്വത്തിലേക്ക് ആരോപണവിധേയരായവര്‍ കടന്നുവരരുതെന്ന് സംഘടനയുടെ ഉള്ളില്‍ നിന്നുതന്നെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് അന്‍സിബയുടെ പ്രതികരണം.
അതേസമയം, ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അദ്ദേഹം സംഘടനയിലെ പലരോടും പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ ജോയ് മാത്യു മത്സരിച്ചേക്കും. ബാബുരാജിനെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനത്ത് തുടരുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. ആരോപണ വിധേയര്‍ മത്സരിക്കരുതെന്നാണ് രവീന്ദ്രന്റെ പ്രതികരണം.
110 അഭിനേതാക്കളാണ് നിലവില്‍ നാമനിര്‍ദേശ പത്രിക വാങ്ങിപ്പോയിരിക്കുന്നത്. ഇതില്‍ നിന്നും ആരെല്ലാം നോമിനേഷന്‍ സമര്‍പ്പിക്കുമെന്നതും അവയില്‍ ഏതെല്ലാം മത്സരത്തേക്ക് എത്തുമെന്നതും അടക്കമുള്ള കാര്യങ്ങള്‍ വൈകീട്ടോടെ വ്യക്തമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാലെയാണ് AMMA നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
Content Highlights: Ansiba says there is nothing wrong with the accused contesting in AMMA organization