'ആരോപണ വിധേയര്‍ മാറിനില്‍ക്കുന്നതാണ് അന്തസ്'; AMMA ഭാരവാഹിയാകാന്‍ പത്രിക നല്‍കി അനൂപ് ചന്ദ്രന്‍

ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ എന്താണ് പ്രശ്നം എന്നായിരുന്നു നേരത്തെ അന്‍സിബ ചോദിച്ചത്

dot image

AMMAയിലെ പുതിയ ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചിരിക്കേ മത്സരാര്‍ത്ഥികളുടെ പ്രസ്താവനകളും വലിയ ചര്‍ച്ചയാവുകയാണ്. നേരത്തെ ഭരണസമിതിയിലുണ്ടായിരുന്ന പലര്‍ക്ക് എതിരെയും ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.

ഇത്തരത്തില്‍ ആരോപണവിധേയരായവര്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് ഉചിതമായിരിക്കില്ലെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതേസമയം, സമാനമായ ആരോപണങ്ങള്‍ മറ്റ് രംഗങ്ങളിലെ പ്രമുഖകര്‍ക്കെതിരെയും ഉയര്‍ന്നിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ മന്ത്രിമാരടക്കമുള്ളവരില്ലേ എന്നുമാണ് മറുവാദക്കാരുടെ ചോദ്യം.

എന്നാല്‍ ആരോപണ വിധേയര്‍ മാറിനില്‍ക്കുന്നതാണ് അന്തസ് എന്ന് പ്രതികരിച്ചിരിക്കുകയാണ് നടന്‍ അനൂപ് ചന്ദ്രന്‍. അദ്ദേഹം മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികയും സമര്‍പ്പിച്ചു. ആരോപണ വിധേയരെയും ക്രിമിനല്‍സിനെയും വെളിയില്‍ കളഞ്ഞ് അമ്മയെ ശുദ്ധീകരിക്കേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കും ഉണ്ടെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു.

ഇത്തവണ സീനിയേഴ്‌സ് അല്ലാതെ, ജൂനിയേഴ്‌സ് കൂടുതലായി മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രന്‍ ചൂണ്ടിക്കാണിച്ചു. 'അമ്മയില്‍ ശുദ്ധീകരണത്തിനുള്ള സമയമാണ്, നല്ലൊരു അമ്മ വരട്ടെ' എന്നും അദ്ദേഹം പറഞ്ഞു. ആരോപണ വിധേയര്‍ മത്സരിക്കരുതെന്ന് നടന്‍ രവീന്ദ്രനും നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, മുന്‍ ഭരണസമിതി അംഗവും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടിയുമായി അന്‍സിബ ആരോപണവിധേയരെ ന്യായീകരിച്ചുകൊണ്ടാണ് രംഗത്തുവന്നത്. 'സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയെക്കാള്‍ വലുതാണ് രാഷ്ട്രം. അവിടെ ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ ഇവിടെ എന്താണ് പ്രശ്‌നം,' അന്‍സിബ പറഞ്ഞു.

അതേസമയം, ജഗദീഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയേക്കും എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. അദ്ദേഹം സംഘടനയിലെ പലരോടും പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ ബോബന്റെയും വിജയരാഘവന്റെയും പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെതിരെ ജോയ് മാത്യു മത്സരിച്ചേക്കും. ബാബുരാജിനെതിരെ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനത്ത് തുടരുന്നതില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

110 അഭിനേതാക്കളാണ് നിലവില്‍ നാമനിര്‍ദേശ പത്രിക വാങ്ങിപ്പോയിരിക്കുന്നത്. ഇതില്‍ നിന്നും ആരെല്ലാം നോമിനേഷന്‍ സമര്‍പ്പിക്കുമെന്നതും അവയില്‍ ഏതെല്ലാം മത്സരത്തേക്ക് എത്തുമെന്നതും അടക്കമുള്ള കാര്യങ്ങള്‍ വൈകീട്ടോടെ വ്യക്തമാകും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങള്‍ക്കെതിരെ അടക്കം ലൈംഗികപീഡന പരാതികള്‍ ഉയര്‍ന്നതിനും പിന്നാലെയാണ് അങങഅ നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്‌ഹോക് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Content Highlights: Anoop Chandran about AMMA new executive, says accused should not be contesting

dot image
To advertise here,contact us
dot image