ഒന്നുകിൽ കൈരളിയുടെ ചെയർമാൻ, അല്ലെങ്കിൽ കൊക്കകോള അംബാസഡർ;വിഎസിന്റെ ഒറ്റവാക്കിൽ മമ്മൂട്ടി നിരസിച്ചത് 2 കോടി

വി എസിന്റെ വാക്കിൽ മമ്മൂട്ടി വേണ്ടെന്ന് വെച്ചത് 2 കോടി വിലയുള്ള കൊക്കകോള അംബാസഡര്‍ പദവി

dot image

നിലയ്ക്കാത്ത രാഷ്ട്രീയ പോരാട്ടങ്ങളുടെ തുടരാഖ്യാനങ്ങളായിരുന്നു വി എസിനെ കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പൊതുമണ്ഡലത്തിലും അടയാളപ്പെടുത്തിയത്. വി എസ് എന്നും ശബ്ദമുയര്‍ത്തിയിട്ടുളളത്, മുഷ്ടി ചുരുട്ടിയിട്ടുളളത് നാടിന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു.

നിലപാടുകളിൽ ഉറച്ചു നിന്ന വി എസ് ജനകീയ സമരങ്ങളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. പാലക്കാട് ജില്ലയിലെ പ്ലാച്ചിമടയില്‍ കൊക്കക്കോളയുടെ ബോട്‌ലിംഗ് പ്ലാന്റിനെതിരെ നടന്ന സമരം അതിലൊന്നായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് പ്ലാച്ചിമട സമരമുഖത്ത് നേരിട്ട് എത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്.

അന്ന് കൊക്കക്കോളയുടെ ബ്രാൻഡ്​ അംബാസഡറായി അവർ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുന്നു. അദ്ദേഹം ആ ഓഫർ സ്വീകരിക്കുകയും കമ്പനി പ്രഖ്യാപനം നടത്തുകയും ചെയ്തു. 2 കോടി രൂപയാണ് മമ്മൂട്ടിക്ക് കമ്പനി ഓഫര്‍ ചെയ്തത് എന്നാണ് അന്നത്തെ വാര്‍ത്തകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. ഒരു പരസ്യതാരമാകാന്‍ തെന്നിന്ത്യയിലെ ഒരു സിനിമാ താരത്തിന് അന്ന് ഓഫര്‍ ചെയ്യപ്പെട്ട ഏറ്റവും വലിയ തുകയാണത് എന്നും പറയപ്പെടുന്നു.

അന്ന് ഇടതുപക്ഷ ചാനലായ കൈരളിയുടെ ചെയര്‍മാന്‍ കൂടിയാണ് ഇടതുപക്ഷ അനുഭാവിയായ മമ്മൂട്ടി. വാര്‍ത്ത മാധ്യമങ്ങളില്‍ വന്ന തൊട്ടടുത്ത ദിവസം കോട്ടയം ഗസ്റ്റ് ഹൗസില്‍ വെച്ച് പ്രതിപക്ഷ നേതാവായ വിഎസ് മാധ്യമങ്ങളെ കാണുന്നതിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇതേക്കുറിച്ച് വിഎസിനോട് ചോദിച്ചു. ‘കൈരളി ചാനലിന്‍റെ ചെയർമാനായ മമ്മൂട്ടി കൊക്കകോളയുടെ ബ്രാൻഡ്​ അംബാസഡറാകുന്നതിനെപ്പറ്റി താങ്കളുടെ അഭി​​പ്രായം എന്താണ്’. ഒട്ടും ആലോചിക്കാതെ ഉടനടി വി എസിന്‍റെ മറുപടി വന്നു. ‘രണ്ടും കൂടി പറ്റില്ല, ഒന്നുകിൽ മമ്മൂട്ടിക്ക്​ കൈരളിയുടെ ചെയർമാനായി തുടരാം, അല്ലെങ്കിൽ കൊക്കകോളയുടെ അംബാസഡറാകാം’.

പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരെ നടന്ന സമരത്തിനൊപ്പം നിന്ന വി എസിന്​ ഒരു ഇടതുപക്ഷ ചാനലിന്റെ ചെയര്‍മാന്‍ അതേ കമ്പനിയെ വാഴ്ത്തി പാടുന്ന പരസ്യത്തിൽ അഭിനയിക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. എന്തായാലും തൊട്ട് പിറകെ കൊക്കക്കോളയുടെ അംബാസഡറാകാനുളള തീരുമാനത്തില്‍ നിന്ന് മമ്മൂട്ടി പിന്മാറുകയായിരുന്നു.

Content Highlights: Mammootty turned down the Coca-Cola ambassadorship worth 2 crores on the advice of VS

dot image
To advertise here,contact us
dot image