അത് വെറും കണ്ണീരല്ല, ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു; സാധാരണ ജനങ്ങളുടെ ശബ്ദമായ വിഎസ്: ഷമ്മി തിലകന്‍

'ലാൽ സലാം, സഖാവേ, നിങ്ങൾ മരിക്കുന്നില്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ വിപ്ലവത്തിന്റെ കനലായി നിങ്ങൾ എന്നും ജ്വലിച്ചുനിൽക്കും'

dot image

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടൻ ഷമ്മി തിലകൻ. കേരളത്തിന്റെ മനസ്സിൽ ഒരു വികാരമായി മാറിക്കഴിഞ്ഞു അച്യുതാനന്ദൻ എന്ന് തെളിയിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതെന്നും ജനഹൃദയങ്ങളിൽ വി എസ് ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണെന്നും ഷമ്മി തിലകൻ കുറിച്ചു. വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല, സാധാരണ ജനങ്ങളുടെ ശബ്ദമായിരുന്നു വി എസ്. ജനങ്ങളുടെ ഹൃദയങ്ങളിൽ വിപ്ലവത്തിന്റെ കനലായി വിഎസ് എന്നും ജ്വലിച്ചുനിൽക്കുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

'കണ്ണീരിൽ കുതിർന്ന വിടവാങ്ങൽ: വിപ്ലവ സൂര്യന് ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യം! സഖാവ് വി.എസ്. അച്യുതാനന്ദൻ എന്ന പേര് ഒരു രാഷ്ട്രീയ നേതാവിന്റെതിനേക്കാൾ ഉപരി, കേരളത്തിന്റെ മനസ്സിൽ ഒരു വികാരമായി മാറിക്കഴിഞ്ഞു എന്ന് തെളിയിക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടത്. വിലാപയാത്രയിലുടനീളം തടിച്ചുകൂടിയ ജനസാഗരം, ആ ജനനായകനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും ആഴം വിളിച്ചോതി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വാഹനം കടന്നുപോയ വഴികളിലെല്ലാം അണമുറിയാത്ത ജനപ്രവാഹം. പ്രായഭേദമന്യേ, രാഷ്ട്രീയ ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം കാത്തുനിന്നത്, ആ മഹാമനുഷ്യനെ ഒരു നോക്ക് കാണാനും അന്ത്യാഭിവാദ്യമർപ്പിക്കാനുമായിരുന്നു.

ഓരോ മുഖത്തും നിഴലിച്ചിരുന്ന ദുഃഖം, ഓരോ കണ്ണിൽ നിന്നും അടർന്നുവീണ കണ്ണുനീർ തുള്ളികൾ - അത് വെറും സാധാരണ കണ്ണീരായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ മുഴുവൻ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.'ഞങ്ങടെ സഖാവേ' എന്ന് വിളിച്ച് നെഞ്ചുപൊട്ടി കരഞ്ഞ സാധാരണക്കാർ..! അദ്ദേഹത്തിന്റെ ഓർമകള്‍ക്ക് മുന്നിൽ മൗനമായി നിന്ന കുട്ടികൾ..! തളർച്ച മറന്ന് മുദ്രാവാക്യം വിളിച്ച വൃദ്ധർ…! ഈ ദൃശ്യങ്ങൾ ഓരോന്നും ഓർമ്മിപ്പിക്കുന്നത്, വി.എസ്. വെറുമൊരു രാഷ്ട്രീയ നേതാവായിരുന്നില്ല, സാധാരണ ജനങ്ങളുടെ ശബ്ദമായിരുന്നു അദ്ദേഹം എന്നതാണ്.

അവരുടെ ദുരിതങ്ങളിൽ താങ്ങും തണലുമായിരുന്നു. ജനഹൃദയങ്ങളിൽ വി.എസ്. ആഴത്തിൽ പതിഞ്ഞ ഒരു മുദ്രയാണ്. അത് മായ്ക്കാൻ ഒരു കാലത്തിനും സാധിക്കില്ല. ജനങ്ങളോടൊപ്പം നിന്ന, ജനങ്ങൾക്കുവേണ്ടി ജീവിച്ച ആ ജനനായകന് ലഭിച്ച ഈ യാത്രയയപ്പ്, ഒരു പക്ഷെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാവാം. ലാൽ സലാം, സഖാവേ..!! നിങ്ങൾ മരിക്കുന്നില്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ വിപ്ലവത്തിന്റെ കനലായി നിങ്ങൾ എന്നും ജ്വലിച്ചുനിൽക്കും!' ഷമ്മി തിലകൻ കുറിച്ചു.

content highlights: Actor Shammi Thilakan condoles the demise of VS Achuthanandan

dot image
To advertise here,contact us
dot image