
മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് നടൻ മനോജ് കെ ജയൻ. തന്റെ രണ്ടാമത്തെ സ്റ്റേറ്റ് അവാർഡ് വി എസ് അച്യുതാനന്ദനിൽ നിന്ന് ഏറ്റുവാങ്ങിയ അഭിമാന നിമിഷം ഓർത്തെടുത്താണ് മനോജ് കെ ജയൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
'എൻറെ രണ്ടാമത്തെ സംസ്ഥാന അവാർഡ്, അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ആദരണീയനായ സഖാവ് വി എസിൽ നിന്ന് വാങ്ങാൻ കഴിഞ്ഞ..ആ നിമിഷത്തെ വളരെ അഭിമാനപൂർവ്വം ഇന്നോർക്കുന്നു. ആദരാഞ്ജലികൾ…പ്രണാമം,' മനോജ് കെ ജയൻ ഫേസ്ബുക്കിൽ കുറിച്ചു.
അതേ സമയം അനന്തപുരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര പുരോഗമിക്കുകയാണ്. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാന്‍ സെക്രട്ടേറിയേറ്റ് പരിസരത്ത് ജനസാഗരം തടിച്ചുകൂടിയത്. നിരവധിപ്പേരാണ് റോഡിന്റെ ഇരുവശങ്ങളിലും വിഎസ്സിനെ കാണാന്‍ കാത്തുനില്‍ക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.
കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദന്‍ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസ്സിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വിഎസ്സിന്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍.
സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.
content highlights: Manoj K Jayan pays tribute to VS Achuthanandan