
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ ടീസറിനെക്കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
കൂലിയ്ക്ക് ടീസറോ ട്രെയിലറോ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയൊരു മാർക്കറ്റിങ് തന്ത്രമാണ് സിനിമയ്ക്കായി സൺ പിക്ചേഴ്സും ലോകേഷും ഒരുക്കിവെച്ചിരിക്കുന്നതാണ് വിവരം. എന്നാൽ ഇതിനെപ്പറ്റി നിർമാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അതേസമയം, ചിത്രത്തിലെ രണ്ടാമത്തെ ഗാനമായ 'മോണിക്ക' നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും. സൗബിൻ ഷാഹിർ, പൂജ ഹെഗ്‌ഡെ, നാഗാർജുന എന്നിവരടങ്ങുന്ന ഒരു ഡാൻസ് നമ്പറായിട്ടാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ പ്രൊമോ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടു.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആമിർ ഖാൻ രജിനികാന്തിനൊപ്പം സ്ക്രീൻ ഷെയർ ചെയ്യുന്നുണ്ടെന്നും ആക്ഷൻ സീനുകൾ ഉൾപ്പെടെയുള്ള രംഗങ്ങൾ നടനായി ലോകേഷ് കനകരാജ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് വിവരം.
ചിത്രം ആഗസ്റ്റ് 14 നാണ് തിയേറ്ററിൽ എത്തുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: No trailer and teaser for Coolie says reports