
സമീപകാലത്തായി മോഹൻലാലിന്റേതായി പുറത്തിറങ്ങിയ റീ റിലീസുകൾ എല്ലാം ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. ഛോട്ടാ മുംബൈ, സ്‌ഫടികം, ദേവദൂതൻ തുടങ്ങിയ സിനിമകൾ രണ്ടാം വരവിലും തിയേറ്ററിൽ ആഘോഷമായി. ഇതിൽ ഛോട്ടാ മുംബൈ വലിയ ആഘോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഈ സിനിമയുടെ റിലീസിന് പിന്നാലെ മോഹൻലാലിന്റെ രാവണപ്രഭുവും റീ റിലീസ് ചെയ്യണമെന്ന് ആരാധകർ ആവശ്യം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് പുറത്തുവരുകയാണ്.
മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർഹിറ്റായ രാവണപ്രഭു റീ റിലീസിനൊരുങ്ങുകയാണ്. മാറ്റിനി നൗ ആണ് ചിത്രം റീ മാസ്റ്റർ ചെയ്തു പുറത്തിറക്കുന്നത്. മാറ്റിനി നൗവിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് റീ റിലീസിന്റെ വിവരം പുറത്തുവിട്ടത്. 4K ഡോൾബി അറ്റ്മോസിലാകും സിനിമ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. അടുത്ത വർഷം ജനുവരിയിലോ മാർച്ചിലോ ആകും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്.
2001 ലായിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ രാവണപ്രഭു തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന്റെ എവർക്ലാസ്സിക്ക് ചിത്രമായ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നിങ്ങനെ ഇരട്ടവേഷങ്ങളിലായിരുന്നു നടൻ സിനിമയിലെത്തിയത്. വസുന്ധര ദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ എഫ് വർഗീസ്, സായി കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മഞ്ജു പിള്ള തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു സിനിമ നിർമിച്ചത്.
Content Highlights: Mohanlal film Ravanaprabhu all set for re release