
കോഴിക്കോട്: നിമിഷപ്രിയയുടെ കാര്യത്തിൽ നടന്നത് മനുഷ്യത്വപരമായ ഇടപെടലാണെന്നും അതിലൂടെ കാന്തപുരം നമ്മുടെയെല്ലാം പ്രിയപ്പെട്ട മുസ്‌ലിയാരായി മാറിയിരിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വവും മതേതരത്വവും ആണ് വലുത് എന്ന് കാന്തപുരം തെളിയിച്ചു. മാധ്യമങ്ങളെല്ലാം അദ്ദേഹത്തെ വലിയ രീതിയിൽ പ്രശംസിച്ചു. വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്ന ഈ സമയത്ത് കാന്തപുരം മാനവികത ഉയർത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നതാണ്. തുടർ ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ അദ്ദേഹം കൂടുതൽ പ്രതികരണത്തിന് തയാറായില്ല.
അത്തരം കാര്യങ്ങളൊന്നും ചർച്ചയായില്ല എന്നായിരുന്നു മറുപടി. എന്നാൽ സ്കൂൾ സമയ മാറ്റം സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ആയെന്നാണ് പുറത്തുവരുന്ന വിവരം.
വധശിക്ഷ മാറ്റിവെച്ചതിൻ്റെ പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ നടക്കുന്നുവെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. കാന്തപുരം മുസ്‌ലിയാരുടെ ബന്ധങ്ങൾ ഉപയോഗിച്ചാണ് ചർച്ചകൾ പുരോഗമിക്കുന്നതെന്നും വിവരങ്ങൾ വരുന്നുണ്ട്. ഇതിനിടെ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തെത്തിയിരുന്നു. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് തങ്ങൾ പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചെങ്കിലും തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ചർച്ചകൾ തുടരും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. തലാലിന്റെ കുടുബത്തിന്റെ എതിർപ്പ് മറികടന്ന് വടക്കൻ യമൻ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിൻ്റെ സഹോദരൻ്റെ ഫേസ്ബുക്ക് കുറിപ്പ്.
കുടുംബവുമായി ദിയാധനം, മാപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ തുടരുമെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് ആക്ഷൻ കൗൺസിൽ നന്ദി അറിയിക്കുകയും ചെയ്തു. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമായത്.
യമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ യെമനിൽ ആരംഭിച്ചത്. ഗോത്ര നേതാക്കളും കൊല്ലപ്പെട്ട തലാലിൻ്റെ ബന്ധുക്കളും നിയമസമിതി അംഗങ്ങളും കുടുംബാംഗങ്ങളും ചർച്ചകളിൽ പങ്കെടുത്തു. ഉത്തര യെമനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ വൈകാരികത ആളിക്കത്തിയ വിഷയമായിരുന്നു തലാലിൻ്റെ കൊലപാതകം. ഈ പശ്ചാത്തലത്തിൽ തലാലിൻ്റെ കുടുംബവുമായി സംസാരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. എന്നാൽ കാന്തപുരത്തിൻ്റെ ഇടപെടലോടെ കുടുംബവുമായി സംസാരിക്കാൻ സാധിച്ചു. ഇതാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്ന നീക്കങ്ങളിൽ നിർണ്ണായകമായതെന്നാണ് വിവരം.
പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയാണ് നിമിഷപ്രിയ. കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശി ടോമിയെ കല്യാണം കഴിച്ച ശേഷം 2012ലാണ് നിമിഷപ്രിയയും ടോമിയും കുഞ്ഞും ചേർന്ന് യമനിലേക്ക് പോയത്. നാട്ടിൽ നഴ്സായിരുന്ന നിമിഷപ്രിയ അവിടെയും അതേ ജോലി തന്നെ ചെയ്ത് പോന്നു, ടോമി ഒരു സ്വകാര്യ കമ്പനിയിലും ജോലി നേടി. അതിനിടെയാണ് ഇവർ തലാൽ അബ്ദുൾ മഹ്ദി എന്ന യമൻ പൗരനെ പരിചയപ്പെടുന്നതും, കച്ചവട പങ്കാളിത്തത്തിൽ ഒരു ക്ലിനിക് തുടങ്ങാൻ തീരുമാനിക്കുന്നതും.
യമനിൽ ആ നാട്ടിലെ തന്നെ ഒരാളുടെ സഹായമില്ലാതെ ക്ലിനിക് തുടങ്ങാൻ നിർവ്വാഹമില്ലാത്തതിനാലാണ് തലാലിന്റെ സഹായം തേടിയത്. ക്ലിനിക് തുടങ്ങിയതിന് ശേഷം നിമിഷപ്രിയ തന്റെ ഭാര്യയാണെന്ന് തലാൽ എല്ലാവരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കുകയും, പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തു. പങ്കാളിത്തത്തിൽ തുടങ്ങിയ ക്ലിനിക്കിന്റെ വരുമാനം മുഴുവനായും തലാൽ സ്വന്തമാക്കാൻ തുടങ്ങി. പാസ്പോർട്ട് തട്ടിയെടുക്കുകയും, അവരുടെ പക്കലുണ്ടായിരുന്ന സ്വർണം വിൽക്കുകയും ചെയ്തു. സഹിക്കാൻ വയ്യെന്ന ഘട്ടത്തിൽ നിമിഷപ്രിയ അധികൃതർക്ക് പരാതി നൽകി, ഇതോടെ തലാൽ ശാരീരിക ഉപദ്രവങ്ങൾ ആരംഭിച്ചു. ജീവൻ അപകടത്തിലാവും എന്ന ഘട്ടത്തിലാണ് താൻ തലാലിനെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നായിരുന്നു നിമിഷപ്രിയ വ്യക്തമാക്കിയിട്ടുള്ളത്.
Content Highlights: mv govindan met Kanthapuram AP Aboobacker Musliyar