
മലയാളികൾക്കിടയിൽ അല്ലു അർജുനുണ്ടായ സ്വീകാര്യതയിൽ വലിയ പങ്കുള്ള ആളാണ് ജിസ് ജോയ്. ഇപ്പോഴിതാ അല്ലുവിനെക്കുറിച്ച് ജിസ് ജോയ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഓരോ സിനിമ കഴിയുംതോറും അഭിനയത്തിൽ അല്ലുവിന് പക്വത കൈവരുന്നുണ്ടെന്നും ഒരു എന്റർടെയ്ൻമെന്റ് പാക്കേജ് ആണ് അദ്ദേഹമെന്നും മനസുതുറക്കുകയാണ് ജിസ് ജോയ്.
'അല്ലു ഓരോ സിനിമ കഴിയും തോറും അഭിനയത്തിൽ ഒരുപാട് പക്വത കൈവരിക്കുന്നുണ്ട്. ശരിക്കും ഒരു എന്റർടെയിൻമെന്റ് പാക്കേജ് ആണ് അല്ലു. കോമഡി ചെയ്യുക എന്നത് വലിയ കഷ്ടപാടുള്ള കാര്യമാണ്. അല്ലു പക്ഷേ നന്നായി കോമഡി ചെയ്യും. നന്നായി ഡാൻസ് ചെയ്യും. ഇത് രണ്ടും സിനിമയിൽ വലിയ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. അതിനാൽതന്നെ അത് രണ്ടും ഗംഭീരമായി ചെയ്യുമ്പോൾ നമുക്കും ശ്രദ്ധിക്കാതിരിക്കാനാവില്ല. മികച്ച നടനുള്ള നാഷണൽ അവാർഡ് പോലും ആ സംസ്ഥാനത്തേക്ക് ആദ്യമായി കൊണ്ടുചെല്ലുന്നത് അല്ലുവാണ്. ഓരോ സിനിമകൾ കഴിയുന്തോറും അദ്ദേഹം സ്വയം മെച്ചപ്പെടുന്നു,' ജിസ് ജോയ് പറയുന്നു.
കേരളത്തിൽ പുറത്തിറങ്ങിയ അല്ലു അർജുന്റെ ആദ്യ സിനിമയായ ആര്യ മുതൽ പുഷ്പ 2 വരെയുള്ള എല്ലാ സിനിമകൾക്കും നടന് മലയാളത്തിൽ ശബ്ദം നൽകിയ ആളാണ് ജിസ് ജോയ്. അതേസമയം, അറ്റ്ലീ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് അല്ലു അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തില്‍ നാല് ഗെറ്റപ്പിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. മുത്തശ്ശന്‍, അച്ഛന്‍, രണ്ട് മക്കള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളെയും അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറില്‍ ഇതുവരെ ഡബിള്‍ റോള്‍ ചെയ്യാത്ത അല്ലു അര്‍ജുന്‍ ആദ്യമായി നാല് വേഷത്തിലെത്തുകയാണ്. നാല് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് പ്രധാന നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരാണ് മറ്റ് നായികമാര്‍.
Content Highlights: Allu arjun is a full entertainment package says jis joy