
ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ചിത്രത്തിൽ ജൂനിയർ എൻടിആർ 30 മിനിറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് സിനിമയുടെ തെലുങ്ക് വിതരണക്കാരനും നിർമാതാവുമായ നാഗ വംശി.
ചിത്രത്തിൽ ജൂനിയർ എൻടിആറിന് മുഴുനീള വേഷമാണെന്നും സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ എൻടിആറിന്റെ എൻട്രി ഉണ്ടാകുമെന്നും നാഗ വംശി പറഞ്ഞു. 'എൻടിആർ 30 മിനിറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന തരത്തിൽ പോസ്റ്റുകൾ കാണുന്നുണ്ട്. അതെല്ലാം തെറ്റാണ്. ചിത്രത്തിൽ ജൂനിയർ എൻടിആറിന് മുഴുനീള റോളാണ്. സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ എൻടിആറിന്റെ എൻട്രി ഉണ്ടാകും. അതിന് ശേഷം സിനിമ മുഴുവൻ അദ്ദേഹമുണ്ട്. എല്ലാ കൊമേർഷ്യൽ എലെമെന്റുകളും ചേർന്ന സിനിമയാണ് വാർ 2. ഒരു നല്ല സിനിമയാകും ചിത്രം എന്ന വിശ്വാസം എനിക്കുണ്ട്', നാഗ വംശി പറഞ്ഞു.
ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്ത വാരം പുറത്തിറങ്ങുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. നിർമാതാക്കളായ യഷ് രാജ് ഫിലിംസ് മൂന്ന് മിനിട്ടോളമുള്ള ട്രെയ്‌ലർ ലോക്ക് ചെയ്‌തെന്നും സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി ഗാനങ്ങൾക്കും മുൻപ് ട്രെയ്‌ലർ പുറത്തുവിടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ആറ് ആക്ഷൻ സീനുകളും രണ്ട് ഗാനങ്ങളും ഉൾപ്പെടുന്നതാണ് സിനിമ. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'.
Content Highlights: Jr NTR has full length role in war 2 says producer naga vamsi