

കേരളത്തിലെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജയസൂര്യ പ്രധാന വേഷത്തിലെത്തുന്ന 'കത്തനാർ'. പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകരെ ഒരുപാട് ആകർഷിച്ച, വമ്പൻ ബജറ്റിലും ക്യാൻവാസിലും ഒരുങ്ങുന്ന ചിത്രം, ഈ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് വർഷം കഴിഞ്ഞാണ് ജയസൂര്യയുടെ ഒരു സിനിമ റിലീസിന് എത്തുന്നത്. കത്തനാറിന് വേണ്ടി 11 സിനിമയോളം വേണ്ടെന്ന് വെച്ചുവെന്ന് നടൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ സിനിമകൾ ഏതൊക്കെയെന്നുള്ള റിപ്പോർട്ട് ആണ് ചർച്ചയാകുന്നത്.
വെങ്കട്ട് പ്രഭു ഒരുക്കി നാഗചൈതന്യ ഒരുക്കിയ കസ്റ്റഡി എന്ന ചിത്രത്തിലെ അരവിന്ദ് സാമിയുടെ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ജയസൂര്യയെ ആയിരുന്നു. എന്നാൽ കത്തനാറിന് വേണ്ടി നടൻ ആ വേഷം ഒഴിവാക്കിയിരുന്നു എന്നാണ് റിപ്പോർട്ട്. ഒറ്റ, ആട്ടം, ഓഫീസർ ഓൺ ഡ്യൂട്ടി, അന്വേഷിപ്പിൻ കണ്ടെത്തും, തലവൻ, ജയ് ഗണേഷ് തുടങ്ങിയ സിനിമകൾ ആണ് ജയസൂര്യ കത്തനാറിനായി ഒഴിവാക്കിയത്. 'നാല് വർഷം ഞാൻ സിനിമ ചെയ്യുന്നുണ്ടായിരുന്നു. കത്തനാർ എന്ന സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവെച്ചു. ഈ ഗ്യാപ്പിൽ 11 സിനിമയോളം വേണ്ട എന്ന് വെക്കേണ്ടി വന്നു കത്തനാറിന് വേണ്ടി. ചില സമയത്ത് അത് നല്ലതേ, ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും നിൽക്കുക എന്നത്. ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. ഞാൻ ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും ഇൻവെസ്റ്റ് ചെയ്യുന്നു എന്നതിനേക്കാളും ഈ സിനിമയുടെ സംവിധായകൻ നിൽക്കുന്നതാണ് പ്രധാനം.
റോജിൻ തോമസ് ഹോം സിനിമയുടെയും മങ്കി പെൻ സിനിമയുടെയും സംവിധായകൻ ആണ്. അവന്റെ നാലാമത്തെ സിനിമ ആയിട്ടേയുള്ളു പക്ഷെ ഈ സിനിമയ്ക്ക് വേണ്ടി അവൻ നിൽക്കുന്നത് അഞ്ചും ആറും വർഷമാണ്. നല്ല ഒരു സിനിമയുടെ ഭാഗമാക്കാൻ ഇത്രയും സമയം ഇൻവെസ്റ്റ് ചെയുന്ന നല്ലൊരു വേദനയാണ്' ജയസൂര്യ പറഞ്ഞു.
Jayasurya Dropped Movies For Kathanar
— Kerala Trends (@KeralaTrends2) March 13, 2026
◆ Custody (Aravind Swami Role)
◆ Otta (Asif Ali Role)
◆ Aatam (Vinay Fort Role )
◆ Anweshppin Kandethum (Tovino Role )
◆ Thalavan (Asif Ali Role )
◆ Jai Ganesh (Unni Mukundan Role)
◆ Officer On Duty (Kunchako Boban Role) pic.twitter.com/9FcIFIwG1D
സൂപ്പർഹിറ്റായ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ' 75 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒക്ടോബറിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മലയാളത്തിൽ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകളിൽ ഒന്നാണ് കത്തനാർ. അനുഷ്‌ക ഷെട്ടിയും പ്രഭുദേവയുമാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജർമൻ തുടങ്ങി 17 ഓളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
Content Highlights: from officer on duty to venkat prabhu film, Jayasurya Dropped Movies For Kathanar