

റമദാന്‍ മാസം എത്തിയതോടെ ദുബായ് ഗ്ലോബല്‍ വില്ലേജില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. പുലര്‍ച്ചെവരെ നീളുന്നതാണ് ഇവിടുത്തെ ആഘോഷ പരിപാടികള്‍. വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ക്കൊപ്പം ടിക്കറ്റ് നിരക്കിലും റമദാന്‍ കാലത്ത് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരത്തെ നോമ്പ് തുറക്ക് ശേഷമാണ് ഗ്ലോബല്‍ വില്ലേജിലേക്ക് സഞ്ചാരികള്‍ ഒഴുകി എത്തുന്നത്.
കുടുംബങ്ങളെയും കൂട്ടായ്മകളെയും ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഇവിടം. റമദാന്‍ മാസത്തില്‍ ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. ഞായര്‍ മുതല്‍ ബുധന്‍ വരെയുളള ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ ഗ്ലോബല്‍ വില്ലേജ് തുറന്നിരിക്കും. വ്യാഴം മുതല്‍ ശനിവരെ വൈകുന്നേരം അഞ്ചു മണിമുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് പ്രവര്‍ത്തനം.
പരമ്പരാഗത വിളക്കുകള്‍, ചന്ദ്രക്കലകള്‍, ആകര്‍ഷകമായ ലൈറ്റിംഗ്, ഫോട്ടോയ്ക്ക് അനുയോജ്യമായ ഇന്‍സ്റ്റാളേഷനുകള്‍ എന്നിവയാലും ഗ്ലോബല്‍ വില്ലേജ് തിളങ്ങുന്നു. റമദാന്‍ രാത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുന്നതിനും ഒത്തുചേരലിനും പ്രത്യേക ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗജന്യമായി ഉപയോഗിക്കാവുന്ന, ടെന്റ് ശൈലിയിലുള്ള ഇരിപ്പിടങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. പ്രധാന വേദിയില്‍ റമദാന്‍ പ്രമേയമാക്കിയുളള തത്സമയ വിനോദ പരിപാടികളും ദിവസേന അരങ്ങേറുന്നു.
റെസ്റ്റോറന്റ് പ്ലാസ, തെരുവുകള്‍, പവലിയനുകളിലെ പ്രത്യേക സ്റ്റാളുകള്‍, കഫേകള്‍ തുടങ്ങി 250ല്‍ അധികം ഭക്ഷണ ശാലകളിലൂടെ ലോകമെമ്പാടുമുളള രൂചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനും അവസരമുണ്ട്. ഇതിന് പുറമെ 90-ലധികം സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്ന പവലിയനുകള്‍ മികച്ച ഷോപ്പിംഗ് അനുഭവവും സമ്മാനിക്കുന്നു. റമദാന്‍ പ്രത്യേക ഓഫറിലൂടെ വെറും 30 ദിര്‍ഹത്തിന് നാല് പ്രവേശന ടിക്കറ്റുകളും ലഭ്യമാക്കുന്നു. കൂടുതല്‍ ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് ഓരോ ടിക്കറ്റിനും വെറും 7.5 ദിര്‍ഹം വീതം അധികം നല്‍കിയാല്‍ മതിയാകും.
Content Highlights: Crowds surge at Global Village Dubai during Ramadan with special night events, cultural shows and celebrations continuing till early morning hours.