'സൗത്ത് സിനിമകളുടെ മാനം കളയുമോ, ഇത്ര നാളായിട്ടും ബാലയ്യക്ക് ഒരു മാറ്റമില്ല'; ട്രോൾപൂരമായി 'അഖണ്ഡ 2' ടീസർ

വീണ്ടും അവിശ്വസിനീയമായ ഫൈറ്റുകളുമായി ബാലയ്യ എത്തിയിരിക്കുകയാണെന്നാണ് കമന്റുകൾ

dot image

നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'അഖണ്ഡ 2'. 2021 ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. അഖണ്ഡ 2 വിന്റെ ടീസർ അണിയറപ്രവർത്തകർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഒരു മാസ് മസാല ആക്ഷൻ ചിത്രമാകും രണ്ടാം ഭാഗമെന്ന സൂചനയാണ് ടീസർ നൽകുന്നത്. താണ്ഡവം എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്. റിലീസിന് പിന്നാലെ ടീസറിലെ ഒരു രംഗം വലിയ തോതിൽ ട്രോൾ ഏറ്റുവാങ്ങുകയാണ്.

ടീസറിൽ ബാലയ്യയുടെ കഥാപാത്രം തന്റെ കയ്യിലുള്ള ശൂലം ഉപയോഗിച്ച് വില്ലന്മാരെ കറക്കി കൊല്ലുന്നതും അവരെയെല്ലാം അതുപയോഗിച്ച് പൊക്കി എടുക്കുന്നതുമാണ് ട്രോളിന് ഇരയായിരിക്കുന്നത്. വീണ്ടും അവിശ്വസനീയമായ ഫൈറ്റുകളുമായി ബാലയ്യ എത്തിയിരിക്കുകയാണെന്നാണ് കമന്റുകൾ. 'സൗത്ത് ഇന്ത്യൻ

സിനിമയെന്നാല്‍ വെറും മസാല സിനിമകൾ ആണെന്ന പൊതുബോധ്യത്തെ പതുക്കെ മാറ്റിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇവിടെ ഒരാൾ അതിനെ നശിപ്പിക്കുന്നത്' എന്നാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ടീസറിലെ ഈ സീനിനെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് തമാശ നിറഞ്ഞ കമന്റുകൾ ഉയരുന്നുണ്ട്. 'മഴ പെയ്യുമ്പോൾ ഞാൻ ഇങ്ങനെയാണ് ടെറസിൽ നിന്ന് തുണി എടുത്തുകൊണ്ട് വരുന്നത്', 'മിക്സിയിൽ അരയ്ക്കുന്നത് പോലെയാണ് ബാലയ്യ വില്ലന്മാരെ കൊല്ലുന്നത്', എന്നിങ്ങനെയാണ് വരുന്ന കമന്റുകൾ.

അതേസമയം, ബാലയ്യയെ അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. ബാലയ്യ സിനിമകളിൽ നിന്ന് എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അദ്ദേഹത്തിനിഷ്ടമുള്ള തരത്തിൽ സിനിമകൾ എടുക്കട്ടെയെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

ബാലയ്യയുടെ ആക്ഷൻ സീനുകളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവ ഭക്തനായാണ് സിനിമയിൽ ബാലയ്യ എത്തുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.

ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

Content Highlights: Balayya film Akhanda 2 teaser gets trolled for it's action

dot image
To advertise here,contact us
dot image