ധനുഷിന്റെ കുബേരയുടെ റൺ ടൈം പുറത്ത്; സമയം ഒരൽപം കൂടിപ്പോയില്ലേ എന്ന് സോഷ്യൽ മീഡിയ

സമീപ കാലത്തിറങ്ങിയ സിനിമകളുടെ ദൈർഘ്യം സംബന്ധിച്ച് സോഷ്യൽ മീഡിയിൽ ചിലർ അതൃപ്തി അറിയിച്ചിരുന്നു.

dot image

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുബേര'. തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസിനൊരുങ്ങുന്ന സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് മണിക്കൂറും 15 സെക്കന്റുമാണ് സിനിമയുടെ ദൈർഘ്യം.

ജൂൺ 20 നാണ് കുബേര തിയേറ്ററുകളിലെത്തുക. സമീപ കാലത്തിറങ്ങിയ സിനിമകളുടെ ദൈർഘ്യം സംബന്ധിച്ച് സോഷ്യൽ മീഡിയിൽ ചിലർ അതൃപ്തി അറിയിച്ചിരുന്നു. രണ്ടര മണിക്കൂറിൽ കൂടുതലുള്ള എമ്പുരാൻ, റെട്രോ പോലുള്ള സിനിമകൾ ലാഗ് ആയിരുന്നുവെന്നും ബോർ അടിപ്പിച്ചു എന്നുമായിരുന്നു പ്രധാന പരാതികൾ. കുബേര മൂന്ന് മണിക്കൂറിൽ എത്തുമ്പോൾ ലാഗ് ആയിരിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ സംശയിക്കുന്നത്.

എന്നാൽ അടുത്തിടെ സിനിമയുടേതായി പങ്കുവെച്ച ഗാനങ്ങളും ടീസറും മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് നേടിയത്. ധനുഷിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനമായിരിക്കും കുബേരയിൽ കാണാൻ കഴിയുക എന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. നാഗാർജുനയുടെയും ഒരു ഗംഭീര പെർഫോമൻസ് സിനിമയിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്.

ഒരു പാൻ ഇന്ത്യൻ മിത്തോളജിക്കൽ ചിത്രമായാണ് കുബേര ഒരുക്കുന്നത്. 'മേഡ് ഇൻ ഹെവൻ', 'സഞ്ജു', 'പദ്മാവത്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ 'ലവ് സ്റ്റോറി' എന്ന സിനിമക്ക് ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Content Highlights: Censorship of the movie Kubera has been completed

dot image
To advertise here,contact us
dot image