'ലാലുമോൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം' എന്ന് മോഹൻലാലിന്റെ അമ്മ പറഞ്ഞു: കലൂർ ഡെന്നീസ്

'ചില പ്രതിഭാശാലികളുടെ ജീവിതം അങ്ങനെയാണ്. ഭാവിയിൽ അറിയപ്പെടാനായി ചിലപ്പോൾ ചരിത്രം തന്നെ അവർ മാറ്റിയെഴുതും'

dot image

മോഹൻലാൽ എന്ന അഭിനേതാവിനെക്കുറിച്ചും ജനുവരി ഒരു ഓർമ്മ എന്ന സിനിമയെക്കുറിച്ചുമുള്ള ഓർമ്മ പങ്കുവെച്ച് തിരക്കഥാകൃത്ത് കലൂർ ഡെന്നീസ്. മോഹൻലാലിനൊപ്പം താൻ അധികം സിനിമകൾ ചെയ്തിട്ടില്ല. എന്നാൽ താൻ തിരക്കഥ എഴുതിയ ജനുവരി ഒരു ഓർമ്മ എന്ന സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ മോഹൻലാലിന് വെറും 26 വയസ്സ് മാത്രമായിരുന്നു. ആ പ്രായത്തിൽ പക്വതയും പാകതയും വന്ന സ്വാഭാവികമായ അഭിനയമാണ് മോഹൻലാൽ കാഴ്ചവെച്ചത് എന്നും അത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു എന്നും കലൂർ ഡെന്നീസ് പറയുന്നു.

ജനുവരി ഒരു ഓർമ്മ എന്ന സിനിമയിലെ ചിത്രം

1987 ജനുവരി 23 നായിരുന്നു ജനുവരി ഒരു ഓർമ്മ റിലീസ് ചെയ്തത്. പൂർണ്ണമായും കൊടൈക്കനാലിൽ ചിത്രീകരിച്ച ആ സിനിമ ഒരു വമ്പൻ വിജയമാവുകയും 150 ദിവസത്തിലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തുവെന്ന് കലൂർ ഡെന്നീസ് ഓർക്കുന്നു. കലൂർ ഡെന്നീസ് സമകാലിക മലയാളത്തിലെ 'എന്റെ നായക സ്വരൂപങ്ങൾ' എന്ന പംക്തിയിലാണ് മോഹൻലാലിനെക്കുറിച്ചും ജനുവരി ഒരു ഓർമ്മ എന്ന സിനിമയെക്കുറിച്ചുമുള്ള ഓർമ്മ കലൂർ ഡെന്നീസ് പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാൽ അഭിനയിച്ച സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ജനുവരി ഒരു ഓർമ്മ എന്ന് മോഹൻലാലിന്റെ അമ്മ പറഞ്ഞതിനെക്കുറിച്ചും കലൂർ ഡെന്നീസ് കുറിച്ചു. ചിത്രം റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കിപ്പുറം ആ ചിത്രം തനിക്ക് ഏറെ ഇഷ്ടമായെന്നും മോഹൻലാലിന്റെ അമ്മ പറഞ്ഞ വാക്കുകൾ ഒരു മാസികയിൽ വന്നു. 'ലാലുമോൻ അഭിനയിച്ച ചിത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജനുവരി ഒരു ഓർമ്മയാണ്' എന്നായിരുന്നു മോഹൻലാലിന്റെ അമ്മയുടെ വാക്കുകൾ എന്നും അദ്ദേഹം ഓർക്കുന്നു.

'ജനുവരി ഒരു ഓർമ്മയ്ക്ക് ശേഷം മോഹൻലാലിന്റെ നടനവൈഭവം പ്രകടമാക്കുന്ന എത്രയെത്ര ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. ചില പ്രതിഭാശാലികളുടെ ജീവിതം അങ്ങനെയാണ്. ഭാവിയിൽ അറിയപ്പെടാനായി ചിലപ്പോൾ ചരിത്രം തന്നെ അവർ മാറ്റിയെഴുതും' എന്ന് പറഞ്ഞുകൊണ്ടാണ് കലൂർ ഡെന്നീസ് ആ അനുഭവം അവസാനിപ്പിക്കുന്നത്.

Content Highlights: Kaloor Dennis shares memories about working with Mohanlal

dot image
To advertise here,contact us
dot image