ഏഴര മണിക്കൂര്‍ ഫൂട്ടേജ് വെട്ടിച്ചുരുക്കി മൂന്നരയാക്കി; ഷങ്കറിനൊപ്പം വര്‍ക്ക് ചെയ്തത് മോശമായ അനുഭവം:ഷമീര്‍

'ഗെയിം ചേഞ്ചറിന് വേണ്ടി മാർക്കോയും രേഖാചിത്രവും എആർഎമ്മും വിട്ടുകളഞ്ഞെങ്കിൽ അത് മണ്ടത്തരമായേനെ'

dot image

ഗെയിം ചേഞ്ചർ എന്ന സിനിമയിൽ സംവിധായകൻ ഷങ്കറിനോടൊപ്പം ജോലി ചെയ്തപ്പോള്‍ ഉണ്ടായത് മോശം അനുഭവമായിരുന്നെന്ന് എഡിറ്റർ ഷമീർ മുഹമ്മദ്. ഒരു കൊല്ലം കൊണ്ട് തീർക്കേണ്ട സിനിമ മൂന്ന് കൊല്ലം നീണ്ടു പോയി എന്നും തുടർന്ന് മലയാളത്തിൽ സിനിമകൾ ചെയ്യാൻ ഉണ്ടായിരുന്നതിനാൽ ഗെയിം ചേഞ്ചറിൽ നിന്ന് പിന്മാറിയെന്നും ഷമീർ പറഞ്ഞു. ഏഴര മണിക്കൂർ ആയിരുന്നു ഗെയിം ചേഞ്ചറിന്റെ ആദ്യത്തെ ദൈർഘ്യം താനത് വെട്ടിച്ചുരുക്കി മൂന്നര മണിക്കൂർ ആക്കിയെന്നും കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ഷമീർ മുഹമ്മദ് പറഞ്ഞു.

'ഗെയിം ചേഞ്ചർ ഞാൻ പൂർത്തിയാക്കിയിരുന്നില്ല. പക്ഷെ എന്റെ പേര് സിനിമയിൽ വെച്ചിരുന്നു. ഒരു കൊല്ലം കൊണ്ട് തീർക്കേണ്ട സിനിമ മൂന്ന് കൊല്ലം നീണ്ടു പോയി. പിന്നെയും ഒരു ആറ് മാസം നിൽക്കണമെന്ന് പറഞ്ഞപ്പോൾ എനിക്ക് മലയാളത്തിൽ മാർക്കോ, രേഖാചിത്രം, എആർഎം തുടങ്ങിയ സിനിമകൾ പൂർത്തിയാക്കാനുണ്ടായിരുന്നു. ഞാൻ എഡിറ്റ് ചെയ്ത് തുടങ്ങുമ്പോൾ ഏഴര മണിക്കൂർ ആയിരുന്നു ആ സിനിമ ഞാനത് എഡിറ്റ് ചെയ്ത് മൂന്നര മണിക്കൂറാക്കി.'

'അതിന് ശേഷം പുതിയ ഒരു എഡിറ്റർ വന്നിട്ട് അത് രണ്ടേമുക്കാൽ മണിക്കൂറാക്കി. ഷങ്കറുമായിട്ടുള്ള അനുഭവം വളരെ മോശമായിരുന്നു. ഞാൻ വളരെ പ്രതീക്ഷയോടെയാണ് അങ്ങോട്ട് പോയത്. ഒരു ദിവസം ഞാൻ എഡിറ്റ് ചെയ്യാൻ അവിടെ വേണമെങ്കിൽ പോലും അദ്ദേഹം ഡേറ്റ് ഒന്നും പറയില്ല. പത്ത് ദിവസം മുന്നേ എന്നെ അവിടെകൊണ്ട് ഇരുത്തും. ആ പത്ത് ദിവസം ഞാൻ പോസ്റ്റാകും. ഞാൻ ഏകദേശം 350 ദിവസത്തോളം ഇതിനായി ചെന്നൈയിൽ പോയി നിന്നിട്ടുണ്ട്. ഗെയിം ചേഞ്ചറിന് വേണ്ടി മാർക്കോയും രേഖാചിത്രവും എആർഎമ്മും വിട്ടുകളഞ്ഞെങ്കിൽ അത് മണ്ടത്തരമായേനെ', ഷമീർ മുഹമ്മദ് പറഞ്ഞു.

രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഗെയിം ചെയ്ഞ്ചർ’. വൻ ഹൈപ്പിൽ വമ്പൻ ബഡ്ജറ്റിൽ എത്തിയ സിനിമ തിയേറ്ററിൽ നിരാശയാണ് സമ്മാനിച്ചത്. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും സംവിധായകൻ ഷങ്കറിനും വലിയ വിമർശനങ്ങളാണ് ലഭിച്ചത്. ഒടിടിയിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികാവേഷത്തില്‍ എത്തിയത്. അഞ്ജലി, എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ് ചിത്രം നിർമിച്ചത്.

Content Highlights: Editor Shameer Muhammad talks about Game changer and Shankar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us