
രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കൂലി ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ നിന്നുള്ള സ്റ്റില്ലുകളാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ചിത്രത്തിൽ നിന്നുള്ള പവർഹൗസ് വൈബ് എന്ന ഗാനത്തിന്റെ പുതിയ വേർഷനൊപ്പം ചിത്രത്തിന്റെ മേക്കിങ് വീഡിയോയും അണിയറപ്രവർത്തകർ ഇന്നലെ പങ്കുവെച്ചിരുന്നു. ഇതിൽ നിന്നുള്ള രജനിയുടെ സ്റ്റില്ലുകളാണ് വൈറലാകുന്നത്. ആക്ഷൻ സീനുകൾ ചിത്രീകരിക്കുന്നത് ആണ് പ്രധാനമായും ഈ വീഡിയോയിൽ ഉള്ളത്. ചുവന്ന ഷിർട്ടിട്ട് കയ്യിൽ കത്തിയുമായി നിൽക്കുന്ന രജനിയുടെ ചിത്രങ്ങൾ നിമിഷനേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. സിനിമ ബോക്സ് ഓഫീസിൽ നിന്നും 1000 കോടി നേടുമെന്നും ഇൻഡസ്ട്രി ഹിറ്റ് ഉറപ്പിച്ചോളൂ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. ഓഗസ്റ്റ് 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
என்னைக்கும் கொறையாத மவுசு💥 #PowerHouseVibe is now available on Instagram & YT Shorts Audio🔊#Coolie worldwide from August 14th 😎@rajinikanth @Dir_Lokesh @anirudhofficial @iamnagarjuna @nimmaupendra #SathyaRaj #SoubinShahir @shrutihaasan @hegdepooja @anbariv @girishganges… pic.twitter.com/IRVk8scxQx
— Sun Pictures (@sunpictures) May 23, 2025
ഈ ചിത്രത്തിന് പുറമെ ജയിലർ 2 എന്ന സിനിമയും രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
Content Highlights: coolie bts video goes viral