ഇത് ഒരു ഒന്നൊന്നര വരവായിരിക്കും, ബോക്സ് ഓഫീസിനെ തൂക്കാൻ ശിവകാർത്തികേയൻ, ഒപ്പം മോഹൻലാലും?

ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന സിനിമയിൽ ശിവകാർത്തികേയന്റെ അച്ഛൻ വേഷത്തിലാകും മോഹൻലാൽ എത്തുന്നതെന്നാണ് തമിഴ് ട്രക്കേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

dot image

മികച്ച സിനിമകളിലൂടെയും ബോക്സ് ഓഫീസ് വിജയങ്ങളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് ശിവകാർത്തികേയൻ. നടന്റേതായി അവസാനമിറങ്ങിയ അമരൻ 300 കോടിയാണ് വാരിക്കൂട്ടിയത്. ഇപ്പോഴിതാ നടന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ഒരു വമ്പൻ റിപ്പോർട്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഗുഡ് നൈറ്റ് എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ പ്രേക്ഷകമനം കവർന്ന വിനായക് ചന്ദ്രശേഖറിനൊപ്പമാണ് ശിവകാർത്തികേയന്റെ അടുത്ത സിനിമയെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന സിനിമയിൽ ശിവകാർത്തികേയന്റെ അച്ഛൻ വേഷത്തിലാകും മോഹൻലാൽ എത്തുന്നതെന്നാണ് തമിഴ് ട്രക്കേഴ്സ് സൂചിപ്പിക്കുന്നത്. ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല. അന്ധകാരം, ടക്കർ തുടങ്ങിയ സിനിമകൾ നിർമിച്ച പാഷൻ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കാനൊരുങ്ങുന്നത്.

അതേസമയം, എ ആർ മുരുഗദോസ് ഒരുക്കുന്ന മദ്രാസി ആണ് ഇനി പുറത്തിറങ്ങാനുള്ള ശിവകാർത്തികേയൻ ചിത്രം. ചിത്രത്തിൽ ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു. ചിത്രം സെപ്റ്റംബർ അഞ്ചിനാണ് തിയേറ്ററിൽ എത്തുന്നത്.

മോഹൻലാൽ ചിത്രമായ തുടരും ബോക്സ് ഓഫീസിൽ വലിയ കുതിപ്പാണ് ചിത്രം നടത്തുന്നത്. ഇതുവരെ കേരളത്തിൽ നിന്ന് ചിത്രം 100 കോടി നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: Mohanlal to join Sivakarthikeyan in next film?

dot image
To advertise here,contact us
dot image