
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാള സംവിധായകൻ അരുൺ വൈഗ. രഞ്ജിത്ത് സജീവൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമായ 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'യുടെ റിലീസ് അടുത്തിരിക്കെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലിൽ ആണ് അരുൺ ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. പുതുമുഖ താരങ്ങൾക്കും അവരുടെ സമർപ്പണത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ആദരവും ആശംസകളുമാണ് ആ കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
'വെയിലും മഴയും അവഗണനകളുമെല്ലാം താണ്ടി പല ഓഡിഷനുകളിൽ ക്യൂ നിൽക്കുന്ന ഓരോ സിനിമ മോഹിക്കും സിനിമ ഒരു സമ്മാനമാകുമെന്ന വിശ്വാസമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്'എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സംവിധായകൻ അരുൺ വൈഗ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത റീലിൽ സാരംഗി എന്ന പുതുമുഖതാരത്തിന്റെ കണ്ണുനീർ നിറഞ്ഞ മുഖം പ്രേക്ഷകർക്ക് കാണാം. ഈ വിഡിയോയിൽ ഒരുപാട് ഓർമ്മകളും ആഗ്രഹങ്ങളും വായിക്കാൻ കഴിയുമെന്നും സംവിധായകൻ പറയുന്നു. സാരംഗിയെയും മറ്റു പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിൽ, പുതുമുഖങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്റെ മൂന്നു സിനിമകളിലും പ്രധാനമായും പുതുമുഖങ്ങളായിരുന്നു അഭിനയിച്ചത്. സിനിമയിലെ ഈ തലമുറ മാറ്റം തുടർന്നും നടത്താൻ താൻ ശ്രമിക്കുമെന്നും, ഓരോ സിനിമയിലും കുറഞ്ഞത് അഞ്ച് പുതുമുഖങ്ങളെങ്കിലും അവതരിപ്പിക്കുമെന്നും സംവിധായകൻ ഉറപ്പ് നൽകുന്നുണ്ട്. സാരംഗിക്കും സിനിമയിലെ മറ്റ് പുതുമുഖങ്ങളായ താരങ്ങൾക്കും സംവിധായകൻ ഹൃദയം നിറഞ്ഞ വിജയാശംസകളും നേരുന്നുണ്ട്.
മെയ് ഇരുപത്തിമൂന്നിനാണ് അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള തിയറ്ററുകളിൽ റീലീസ് ചെയ്യുന്നത്. രഞ്ജിത്ത് സജീവനെ കൂടാതെ ചിത്രത്തിൽ ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, മനോജ് കെ യു, അൽഫോൺസ് പുത്രൻ, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, സജീവ് പി കെ, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനോജ് പി അയ്യപ്പൻ, സംഗീതം രാജേഷ് മുരുകേശൻ, ഗാനരചന ശബരീഷ് വർമ്മ, സൗണ്ട് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രഫി സുമേഷ് & ജിഷ്ണു, ആക്ഷൻ ഫിനിക്സ് പ്രഭു, മേക്കപ്പ് ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം മെൽവി ജെ, എഡിറ്റർ അരുൺ വൈഗ, കലാസംവിധാനം സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, പി ആർ ഒ- എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ, അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്.
Content Highlights: UKOK director's touching note draws attention