
2023ൽ തമിഴ് സിനിമ കൊണ്ടാടിയ വിജയമായിരുന്നു രജനികാന്ത് ചിത്രം 'ജയിലറി'ന്റെത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ നേടിയ സിനിമ പല റെക്കോഡുകൾ തകർത്താണ് മുന്നേറിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ അട്ടപ്പാടി ഷെഡ്യൂൾ പൂർത്തിയായെന്നും അടുത്തത് കോഴിക്കോട് ആണ് സിനിമയുടെ ലൊക്കേഷൻ എന്നുമാണ് റിപ്പോർട്ടുകൾ. മെയ് 9 ന് ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം 20 ദിവസം വരെ നീളാം എന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം സംവിധായകൻ നെൽസൺ, മോഹൻലാൽ-സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവ്വം എന്ന സിനിമയുടെ സെറ്റിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജയിലർ 2 ലെ മോഹൻലാലിന്റെ കഥാപാത്രം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനായാണ് നെൽസൺ ഹൃദയപൂർവ്വം സെറ്റിലെത്തിയത് എന്നാണ് സൂചന. ജയിലറിൽ മാത്യു എന്ന കഥാപത്രമായി എത്തിയിരുന്നത് മോഹൻലാൽ ആയിരുന്നു. ഇത്തവണയും മോഹൻലാൽ സിനിമയിൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
#Jailer2 Attappady Schedule is wrapped up.
— ABHI (@AbhiSOffl) May 7, 2025
The next schedule kicks off in Calicut on May 9th and it will shoot for 20 days..!! pic.twitter.com/aArn3hrUxk
ജയിലർ 2 ൽ നന്ദമൂരി ബാലകൃഷ്‌ണയും കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. ചിത്രീകരണത്തിനായി ഒരാഴ്ച സമയം ബാലയ്യ നൽകിയിട്ടുണ്ടെന്നും, ഉടൻ തന്നെ സെറ്റിൽ ജോയിൻ ചെയ്യുമെന്നുമാണ് സോഷ്യൽ മീഡിയാ റിപ്പോർട്ടുകൾ. സിനിമയുടെ ആദ്യഭാഗത്തിൽ കാമിയോ റോളിൽ ബാലയ്യയെയും ആലോച്ചിരുന്നതായും എന്നാൽ പിന്നീട് ഇത് നടക്കാതെ പോയതായും സിനിമയുടെ സംവിധായകൻ നെൽസൺ തന്നെ അറിയിച്ചിരുന്നു. സിനിമയിൽ സസ്പെൻസ് നിറയ്ക്കാൻ ഇനിയും കാമിയോകൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയ്‌ലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.
Content Highlights: Reports suggest that the next location for the movie Jailer 2 is in Kozhikode