
May 24, 2025
01:55 AM
സൂര്യയെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ച പുതിയ ചിത്രമാണ് റെട്രോ. വലിയ പ്രതീക്ഷയോടെ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ഇപ്പോൾ സിനിമയുടെ ആദ്യദിന കളക്ഷൻ സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.
റെട്രോ ആദ്യദിനത്തിൽ ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 20.08 കോടി നേടിയതായാണ് സാൽക്നിക് റിപ്പോർട്ട് ചെയ്യുന്നത്.സൂര്യയുടെ മുൻചിത്രമായ കങ്കുവയെക്കാൾ റെട്രോയ്ക്ക് കളക്ഷൻ കുറവാണ് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കങ്കുവ ആദ്യദിനത്തിൽ 22 കോടിയാണ് നേടിയത്.
സൂര്യയുടെ 44-ാം ചിത്രമാണ് റെട്രോ. 1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേത്. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ചും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സന്തോഷ് നാരായണനാണ്.
നെറ്റ്ഫ്ലിക്സിന് ആണ് റെട്രോയുടെ സ്ട്രീമിംഗ് അവകാശം വാങ്ങിയിരിക്കുന്നത്. 80 കോടി രൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. റിലീസ് ചെയ്ത് എട്ട് ആഴ്ചയ്ക്ക് ശേഷമാകും ഒടിടിയിൽ എത്തുകയെന്നും റിപ്പോർട്ടുണ്ട്.
Content Highlights: Suriya movie Retro box office collection day 1