മലയാള സിനിമ ഇന്ത്യൻ സിനിമയുടെ 'ബൗദ്ധിക ആത്മാവ്' എന്ന് അക്ഷയ് കുമാർ; നന്ദി പറഞ്ഞ് മോഹൻലാൽ

'മലയാള സിനിമ എന്നും ഉള്ളടക്കത്തിന്റെ കാര്യത്തിൽ സമ്പന്നമാണ്'

dot image

മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ 'ബൗദ്ധിക ആത്മാവ്' എന്ന് വിശേഷിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മുംബൈയില്‍ കേന്ദ്രസര്‍ക്കാറിന്റെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ (വേവ്‌സ്) വെച്ചായിരുന്നു താരം മലയാളം സിനിമയെ പ്രശംസിച്ചത്. നടന്റെ വാക്കുകൾക്ക് സംവാദത്തിൽ പങ്കെടുത്ത മോഹൻലാൽ നന്ദി പറയുകയും ചെയ്തു. അക്ഷയ് കുമാർ മോഡറേറ്ററായ സംവാദത്തിൽ തെലുങ്ക് താരം ചിരഞ്ജീവി, നടിയും എംപിയുമായ ഹേമാ മാലിനി എന്നിവരും പങ്കെടുത്തു.

'ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവ് എന്നാണ് മലയാള സിനിമയെ വിളിക്കുന്നത്. എന്നാൽ എപ്പോഴെങ്കിലും കലാമൂല്യമുള്ള സിനിമകളും എന്റർടെയ്നർ സിനിമകളും തമ്മിൽ തിരഞ്ഞെടുക്കേണ്ടി വന്നിട്ടുണ്ടോ?,' എന്നായിരുന്നു മോഹൻലാലിനോടുള്ള അക്ഷയ് കുമാറിന്റെ ചോദ്യം.

'മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവ് എന്ന് വിളിച്ചതിന് നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ തന്റെ മറുപടി ആരംഭിച്ചത്. നിരവധി മികച്ച സംവിധായകരുടെ കൂടെ പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അക്കാലത്ത് അവർ ഞങ്ങളെ ആർട്ട് ഫിലിമുകൾ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ അന്നത്തെ ആർട്ട് ഫിലിമുകൾക്ക് പോലും വിനോദ മൂല്യമുണ്ടായിരുന്നു. എന്റർടെയ്‌നർ സിനിമകൾ എന്ന് വിളിച്ചവയ്ക്ക് കലാമൂല്യവും,' മോഹൻലാൽ പറഞ്ഞു.

'മലയാള സിനിമ എന്നും ഉള്ളടക്കത്തിന്റെ കാര്യത്തിൽ സമ്പന്നമാണ്. എനിക്ക് കൊമേഴ്സ്യൽ-ആർട്ട് സിനിമകൾ എന്ന് വേർതിരിച്ച് കാണാൻ കഴിയില്ല. സിനിമ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. പുതിയ സംവിധായകരുടെ വരവോടെ സിനിമകളുടെ ഉള്ളടക്കം കൂടുതൽ ബലപ്പെട്ടു,' എന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു.

Content Highlights: Mohanlal and Akshay Kumar talk on commercial and art cinema

dot image
To advertise here,contact us
dot image