
കെജിഎഫ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസ് കവര്‍ന്ന നടിയാണ് ശ്രീനിധി ഷെട്ടി. നാനിയുടെ ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3 യിൽ നായികയാകുന്നത് ശ്രീനിധിയാണ്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിൽ തനിക്ക് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് കേരളത്തിൽ നിന്നാണെന്ന് പറയുകയാണ് നടി. ഫാൻ പേജുകളിൽ 75 ശതമാനവും കേരളത്തിൽ നിന്നാണെന്നും മലയാളികളുടെ സ്നേഹത്തിന് നന്ദിയുണ്ടെന്നും ശ്രീനിധി പറഞ്ഞു.
'ഞാൻ ആരെയും ഫാൻസ് എന്ന് വിളിക്കുന്നില്ല. പക്ഷെ എനിക്കുള്ള ഫാൻ പേജുകളിൽ കൂടുതലും മലയാളികളാണ്. 65-70 ശതമാനവും മലയാളികളാണ്. അവരാണ് കൂടുതലും എന്നെ സ്‌നേഹിക്കുന്നത് . മലയാളികൾക്ക് എന്നോട് ഇത്രയും സ്നേഹം എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ആരാധകരായി കുറച്ചുപേർ കർണാടകയിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഉണ്ട് പക്ഷെ 75 ശതമാനവും കേരളത്തിൽ നിന്നാണ്,' ശ്രീനിധി ഷെട്ടി.
കേരളത്തിൽ കൊച്ചിയിൽ എപ്പോൾ വന്നാലും ഒരുകൂട്ടം ചെറുപ്പക്കാർ തന്നെ കാണാൻ എത്തുമെന്ന് നാനി പറഞ്ഞു. അവസാനമായി സരിപോധാ ശനിവാരം എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എത്തിയപ്പോള്‍ ഈ ചെറുപ്പക്കാര്‍ നാനിക്ക് ഒരു ഷര്‍ട്ട് സമ്മാനമായി കൊടുത്തതും അത് ഒരു പരിപാടിയില്‍ ധരിച്ചതും നാനി ഓര്‍മിച്ചു. ഹിറ്റ് 3 സിനിമയുടെ റിലീസ് ദിവസം ഫാൻ ഷോ കേരളത്തിൽ നടത്തുന്നതായി കേട്ടുവെന്നും ആ സ്‌നേഹം വിലമതിക്കാനാകാത്തതാണെന്നും നാനി കൂട്ടിച്ചേർത്തു. എപ്പോൾ കേരളത്തിൽ വന്നാലും ആൾക്കൂട്ടത്തിനടിയിൽ ഞാൻ പരിചയം ഉള്ളവരുടെ മുഖം തിരയാറുണ്ടെന്നും നാനി പറയുന്നു.
അതേസമയം നാനിയുടെ ഹിറ്റ് 3 മെയ് ഒന്നിനാണ് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
Content HIghlights: KGF heroine says most of her fans are from Kerala